കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. അനവധി വർഷങ്ങളായി വ്യാപാരികൾ നിർമ്മിച്ച ഷെഡ്ഡുകളും പന്തലുകളും മറ്റുമാണ് നഗരസഭാ ചെയർമാന്റെ നിർദ്ദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് കോട്ടപ്പുറം ചന്ത. ഈ ദിവസങ്ങളിൽ താത്കാലികമായി നിർമ്മിക്കുന്ന ഷെഡ്ഡുകൾ ചന്ത സമയം കഴിഞ്ഞാലും എടുത്തു മാറ്റാറില്ല. ഇവ ഗതാഗത തടസം സൃഷ്ടിക്കുന്നവയായി മാറിയതിനാൽ പൊതുജനങ്ങളിൽ നിന്നും രൂക്ഷമായ എതിർപ്പും പ്രതിഷേധവും ഉയർന്നിരുന്നു. എന്നിട്ടും ഒട്ടേറെ ഷെഡ്ഡുകൾ ചന്തയിൽ പൊളിക്കാതെ നിലനിൽക്കുകയായിരുന്നു. ഇത് പൊളിച്ചു മാറ്റുവാൻ പല തവണ നഗരസഭ നോട്ടീസ് നൽകിയിട്ടും കൈയേറ്റക്കാർ അത് ചെവിക്കൊണ്ടില്ല. ഈയിടെ കായച്ചന്തയുടെ നിർമ്മാണോദ്ഘാടനത്തിന് മുന്നോടിയായി നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ കോട്ടപ്പുറത്തെ കച്ചവടക്കാരെയും തൊഴിലാളികളെയും വിവിധ സന്നദ്ധ സംഘടനകളെയും വിളിച്ചു ചേർത്ത യോഗത്തിലും ഇക്കാര്യം പരമാർശിച്ചിരുന്നു. ചന്ത ദിവസങ്ങളിൽ താത്കാലിക ഷെഡുകൾ വയ്ക്കാമെന്നും അന്നേദിവസം ഉച്ചയോടെ അവ മാറ്റേണ്ടതാണെന്നുമുള്ള വ്യവസ്ഥയോടെയാണ് ഈ ധാരണയുണ്ടായത്. എന്നിട്ടും ഇവ പൊളിക്കാൻ തയ്യാറാകാത്തതിനാലാണ് കൈയേറ്റങ്ങളും ഷെഡ്ഡുകളും പൊളിച്ചുമാറ്റുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതെന്ന് ചെയർമാൻ പറഞ്ഞു...