തൃശൂർ: ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഹോമിയോ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണം 21ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ടി.വി അനുപമ മുഖ്യാതിഥിയാകും.

ജില്ലാതലത്തിൽ അവബോധ ക്ലാസുകളും യോഗാ പരിശീലനവും ജില്ലാ ആയുർവേദ അശുപത്രിയിൽ നടക്കും. കളക്ടറേറ്റ് ജീവനക്കാർക്ക് മാനസിക സംഘർഷം കുറയ്ക്കുന്നതിന് തെറാപ്പ്യൂട്ടിക് യോഗ പരിശീലനവും ആകാശവാണിയിൽ ഹൃദയാരോഗ്യം യോഗയിലൂടെ എന്ന വിഷയത്തിൽ യോഗ വിജ്ഞാനപ്രക്ഷേപണവും നടത്തും. കായിക താരങ്ങൾക്കുള്ള യോഗപരിശീലനവും ജില്ലാ ഹോമിയോ ആശുപത്രിയിൽ ജീവിത ശൈലീ രോഗങ്ങൾക്കുള്ള പരിശീലനവും ഉണ്ടാകും.

ആയുഷ്ഗ്രാമങ്ങളായ ചാവക്കാട്, ഇരിങ്ങാലക്കുട ബ്ലോക്കുകളിലും സമഗ്രമായ പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർ, പഞ്ചായത്ത് അംഗങ്ങൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകും. പത്രസമ്മേളനത്തിൽ ഡോ.എസ്. ഷിബു, ഡോ. എൻ.വി ശ്രീവത്സ്, ഡോ.കെ.ബി സജു, ഡോ.കെ.വി.പി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു...