ചാവക്കാട്: ബ്ലാങ്ങാട് കടലിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. നമ്പഴക്കാട് പുല്ലാനി പറമ്പത്ത് വീട്ടിൽ ധനേഷ് (23) ആണ് ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാരായ മറ്റ് നാലുപേർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ധനേഷ് ശക്തമായ തിരയിൽ പെടുകയായിരുന്നു.
തിരയടിയേറ്റ് തളർന്ന ധനേഷ് കരയ്ക്ക് കയറാനാകാതെ കടലിൽ മുങ്ങിത്താഴ്ന്നതോടെ കൂട്ടുകാർ ബഹളം വച്ചു. ഇതോടെ തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് പൊലീസ് മത്സ്യത്തൊഴിലാളികളെ സഹായത്തിന് വിളിക്കുകയായിരുന്നു.
ബ്ലാങ്ങാട് സ്വദേശിയായ വലിയകത്ത് സിയാദ്, സന്തോഷ് എന്നിവർ കടലിലേക്ക് എടുത്ത് ചാടിയെങ്കിലും ശക്തമായ ഒഴുക്കിൽ പിടിച്ച് നിൽക്കാനായില്ല. മറ്റൊരു മത്സ്യത്തൊഴിലാളിയായ കളൂർ രമേശ് എത്തിയാണ് ധനേഷിനെ കരയ്ക്കെത്തിച്ചത്. മണത്തല കെ.പി. ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ടു ദിവസമായി കടൽക്ഷോഭം ശാന്തമായെങ്കിലും ശക്തമായ തിരമാലകളുണ്ട്. ഈ സാഹചര്യത്തിൽ നിരവധി പേരാണ് കടലിൽ കുളിക്കാനിറങ്ങുന്നത്. ഇവരോട് കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടാലും തീരെ അനുസരിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.