തൃശൂർ: കാടിന്റെ മണവും നിറവും നന്മയുമായിരുന്നു ബൈജു. കാടു പോലെ തെളിവുള്ള മനസുള്ള ബൈജു അതിരപ്പിള്ളിയെ അറിയാനെത്തുന്നവരുടെ പാഠപുസ്തകമായിരുന്നു. അവിടത്തെ കാടും മേടുമെല്ലാം അയാൾക്ക് കാണാപാഠമായിരുന്നു. ചെറിയൊരു വീഴ്‌ചയിൽ പ്രിയപ്പെട്ടതിനോടെല്ലാം യാത്ര പറഞ്ഞ് ബൈജു മടങ്ങിയെങ്കിലും അയാൾ പറഞ്ഞ അദ്ഭുതവും കൗതുകവും നിറഞ്ഞ കാടിന്റെ കഥകൾ പ്രിയപ്പെട്ടവരുടെ മനസിൽ കുന്നോളമുണ്ട്. കഴിഞ്ഞദിവസം കെ.എസ്.ഇ.ബി പെരിങ്ങൽക്കുത്ത് വൈദ്യുത പദ്ധതിയുടെ സെർജ് ടാങ്കിൽ മീൻപിടിക്കാൻ കയറുന്നതിനിടയിലാണ് ബൈജു വീണ് മരിച്ചത്.
കൊക്കിൽ തീറ്റയുമായി റോഡരികിൽ ചത്തുകിടന്ന ആൺ വേഴാമ്പലിന്റെ കുഞ്ഞിനെ കണ്ടെത്തി പോറ്റച്ഛനായതോടെയാണ് ബൈജുവിനെ സോഷ്യൽ മീഡിയയിലൂടെ ലോകമറിഞ്ഞത്. 2018 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. തുടർന്ന് വനപാലകരുടെയും നാട്ടുകാരുടെയും സഹായത്തോടെ ചുറ്റുവട്ടത്തെ മരത്തിന്റെ പൊത്തിൽ നിന്ന് കുഞ്ഞിനെയും ഇണയെയും കണ്ടെത്തി. പിന്നീടുള്ള 15 ദിവസം കൂട്ടിൽ തീറ്റയെത്തിച്ച് കുഞ്ഞുവേഴാമ്പലിനെ ഊട്ടിയത് ബൈജുവായിരുന്നു.
ബാംബു കോർപറേഷനിൽ ദിവസവേതനക്കാരനായിരുന്ന കണ്ണൂരുകാരൻ വാസുദേവനാണ് അച്ഛൻ. അമ്മ നബീസ. എഴുപതുകളിൽ നടന്ന വിപ്ലവകല്യാണത്തിനൊടുവിൽ ഇവർ അതിരപ്പിള്ളിയിൽ കാടിനോട് ചേർന്ന കുടിലിൽ താമസമാക്കി. കാടിന്റെ ശബ്ദങ്ങൾക്ക് നടുവിൽ പിറന്ന ബൈജു വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസികൾക്കൊപ്പം പത്താം വയസിലാണ് കാട് കയറിയത്. ഇലയനക്കം മുതൽ ഓരോ പക്ഷികളുടെ കൂവൽ വരെ സൂചനകളായിരുന്നുവെന്ന് അവർ ബൈജുവിനെ പഠിപ്പിച്ചു. എന്നാൽ മൃഗങ്ങളെക്കൊന്നും വ്യാജവാറ്റുകാർക്കൊപ്പം കൂടിയും കാടിനെ ചൂഷണം ചെയ്യുന്നതായിരുന്നു ബൈജുവിന്റെ ആദ്യകാല മനസ്. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ബോധവത്കരണ ക്ളാസ് മനസ് മാറ്റി. കാടിന്റെ സംരക്ഷകനയി ബൈജു മാറി.
താടിയും മീശയും മുടിയും നീട്ടിയ ബൈജുവിനോടടുക്കാൻ അപരിചിതർ മടിക്കും. അടുത്താൽ വേർപിരിയാനാകാത്ത ബന്ധമുണ്ടാകും. നാട്ടിലും വിദേശത്തുമായി നിരവധി സുഹൃത്തുക്കളുണ്ട്. കാടിന്റെ ഹൃദയമറിയുന്ന ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രശസ്‌തരായവരുടെ കൈയാളായിരുന്നു ബൈജു. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബി.കെ.വി ഫൗണ്ടേഷൻ എന്നൊരു കൂട്ടായ്‌മയും തുടങ്ങി.
കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ കോളജ് ഒഫ് ഫോറസ്ട്രിയിൽ വിസിറ്റിംഗ് ഫാക്കൽട്ടിയായിരുന്നു. വനം വകുപ്പിന്റെ പരിസ്ഥിതി സാക്ഷരതായജ്ഞത്തിലും സജീവമായി. പത്ത് സിനിമകളിൽ അഭിനയിച്ചു. ടിവി പരിപാടികളിലും പങ്കെടുത്തു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെയുള്ള സമരത്തിലും പങ്കെടുത്തിരുന്നു.
ഇന്നലെ ഉച്ചയോടെ മൃതദേഹം വെറ്റിലപ്പാറ ചിക്ളായിലെ വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾക്ക് ശേഷം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് അഞ്ചിന് പുളിയിലപ്പാറയിലെ തറവാട്ടു വീട്ടുവളപ്പിൽ പ്രകൃതിസ്‌നേഹികളും നാട്ടുകാരും വനപാലകരും ബൈജുവിനെ യാത്രയാക്കി.