സ്വകാര്യ ആശുപത്രികളും നിശ്ചലമായി
തൃശൂർ: കൊൽക്കത്തയിൽ ഡോക്ടർമാർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ പണിമുടക്ക് പൂർണ്ണം. ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിയ ആയിരക്കണക്കിന് രോഗികൾ ചികിത്സ കിട്ടാതെ വലഞ്ഞു. ഗവ: മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും 8 മുതൽ 10 വരെ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചു. മറ്റ് പ്രവർത്തനങ്ങൾ സാധാരണ പോലെ നടന്നു. ആശുപത്രിയുടെ സാധാരണ പ്രവർത്തനങ്ങളെയും സമരം ബാധിച്ചു.
ഡെന്റൽ ക്ലിനിക്കുകളും, സ്വകാര്യ ആശുപത്രികളും സമരത്തിൽ പങ്കാളിയായി. അയ്യായിരത്തോളം ഡോക്ടർമാരാണ് പണിമുടക്കിൽ കണ്ണികളായത്. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ട് മുതൽ പത്ത് വരെയായിരുന്നു സമരം. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ അദ്ധ്യാപകർ 10 മണി മുതൽ 11 മണി വരെ ഒ.പി. ബഹിഷ്‌കരിച്ചു പ്രിൻസിപ്പൽ ഡോ.എം.എ ആൻഡ്രൂസിന്റെ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. അമർ ജയന്തി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ ഭാരവാഹികളും ഡോക്ടർമാരുമായ ബിജോൺ ജോൺസൺ, പി.എ. ഷീജ, ടി.വി. സതീഷ്, ശ്രീനിജ, അനീഷ്, ലിജോ കൊള്ളന്നൂർ, രാഹുൽ രവീന്ദ്രൻ, യദുകൃഷ്ണൻ, സജിത്ത് എന്നിവർ പ്രസംഗിച്ചു.
കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ തൃശൂർ ജനറൽ ആശുപത്രിയിൽ രാവിലെ 10 വരെ ഒ.പി ബഹിഷ്‌കരിച്ചു. മെഡിക്കൽ വിദ്യാർത്ഥികളും ജൂനിയർ ഡോക്ടർമാരും പങ്കെടുത്തു. പണിമുടക്കിയവർ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രകടനവും നടത്തി. മെഡിക്കൽ വിദ്യാർത്ഥികളും, ജൂനിയർ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ചാണ് സമരത്തിൽ കണ്ണികളായത്. ഓപറേഷൻ തിയേറ്ററും അത്യാഹിത വിഭാഗവും പ്രവർത്തിച്ചു.
സ്വകാര്യ പ്രാക്ടീസും ബഹിഷ്‌കരിച്ചു
ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസും ബഹിഷ്‌കരിച്ചു. രാവിലെ ആറ് മുതൽ ഇന്ന് രാവിലെ ആറ് വരെയാണ് പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തത്. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആശുപത്രികൾക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാൻ സമഗ്രമായ കേന്ദ്ര നിയമം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ജൂബിലി, അമല മെഡിക്കൽ കോളേജുകളിലും സമരം ചെയ്ത ഡോക്ടർമാർ പ്രകടനം നടത്തി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃശൂർ ബ്രാഞ്ച് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രതിഷേധ യോഗം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജോൺ സെബാസ്റ്റ്യൻ നിവിൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ തൃശൂർ ബ്രാഞ്ച് സെക്രട്ടറി ഡോ. ജോയ് മഞ്ജുള, കെ.ജി.എം.ഒ.എ തൃശൂർ എക്‌സിക്യൂട്ടീവ് ബോർഡ് അംഗം ഡോ. പവൻ, തൃശൂർ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു..