തൃശൂർ: പാഞ്ചാലിമേട് സംരക്ഷണത്തിന് സമരപരിപാടികളുമായി ഹിന്ദു ഐക്യവേദി. മതപരിവർത്തനത്തിനും മതതീവ്രവാദത്തിനും എതിരെയാണ് സമരം. ഇതിന് മുന്നോടിയായി ഹിന്ദു ഐക്യവേദിയുടെ പ്രത്യേക സംഘം 19ന് പാഞ്ചാലി മേട് സന്ദർശിക്കും. പാഞ്ചാലിമേട്ടിലെ കുരിശുകൈയേറ്റം നടന്ന മേഖലകളിലാണ് സന്ദർശനം. അതിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. തൃശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
മതചിഹ്നങ്ങളുടെ മറവിൽ നടക്കുന്ന കൈയേറ്റം തടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ പറഞ്ഞു. ആഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെ എല്ലാ ജില്ലകളിലും മത തീവ്രവാദം, മതപരിവർത്തനം, മതപ്രീണനം എന്നീ വിഷയങ്ങൾ ഉയർത്തി ജില്ലാ തലത്തിൽ യാത്ര സംഘടിപ്പിക്കും. ആലപ്പുഴ കൃപാസനം കേന്ദ്രം അടച്ചു പൂട്ടിയില്ലെങ്കിൽ സമരം നടത്താനും യോഗത്തിൽ തീരുമാനമായി. ഹോട്ടൽ വൃന്ദാവനിൽ നടന്ന യോഗം ഹിന്ദു ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ അശോക് പ്രഭാകർ ഉദ്ഘാടനം ചെയ്തു. കെ.പി ശശികല ടീച്ചർ അദ്ധ്യക്ഷയായി. വർക്കിംഗ് പ്രസിഡന്റ് കെ.വി. ശിവൻ, വൈസ് പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാർഗവറാം, കെ.പി. ഹരിദാസ്, ആർ.വി. ബാബു എന്നിവർ പ്രസംഗിച്ചു...