തൃശൂർ: മതചിഹ്നങ്ങളെ അധിക്ഷേപിച്ച് വരച്ച കാർട്ടൂണിന് നൽകിയ പുരസ്‌കാരം പിൻവലിച്ച് ലളിതകലാ അക്കാഡമി മാപ്പ് പറയണമെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ കമ്മിറ്റി ലളിതകലാ അക്കാഡമിക്ക് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്ര്യം മതചിഹ്നങ്ങളെ അധിക്ഷേപിക്കാനാകരുത്. നന്മയ്ക്ക് വേണ്ടിയാകണം. ലളിതകലാ അക്കാഡമി ആഭാസ അക്കാഡമിയാകരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കുറെക്കാലമായി സഭയെ ചിലർ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററൽ സെന്റർ കേന്ദ്രീകരിച്ച് പ്രകടനമായാണ് സമരക്കാർ അക്കാഡമിക്ക് മുന്നിലെത്തിയത്. വൈദികരും കന്യാസ്ത്രീകളും സ്ത്രീകളും ഉൾപ്പെടെ വിശ്വാസികളുമായി നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. വർഗ്ഗീസ് കുത്തൂർ, അതിരൂപത പ്രസിഡന്റ് ബിജു കുണ്ടുകുളം, എം.പി. ജാക്‌സൺ മാസ്റ്റർ പ്രസംഗിച്ചു...