kerala-

തൃശൂർ: ലളിതകലാ അക്കാഡമിയുടെ വിവാദ കാർട്ടൂൺ പുരസ്‌കാരം പിൻവലിക്കേണ്ടെന്ന് സർക്കാർ നിലപാടു തള്ളി ഭരണസമിതി തീരുമാനം. ജൂറിയുടെ തീരുമാനം വിലമതിക്കുന്നുവെന്ന് അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് യോഗശേഷം പറഞ്ഞു. പുരസ്‌കാരം ലഭിച്ച കെ.കെ. സുഭാഷിന്റേതടക്കം 83 കാർട്ടൂണുകളാണ് വിധി നിർണയത്തിനായി ലഭിച്ചത്. പ്രമുഖ കാർട്ടൂണിസ്റ്റുകളായ സുകുമാർ, പി.വി. കൃഷ്ണൻ, മധു ഓമല്ലൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.

വിധി നിർണയ സമിതിയുടെ തീരുമാനം എക്കാലത്തും മതിപ്പോടെയാണ് അക്കാഡമി കണ്ടുവരുന്നത്. കാർട്ടൂൺ ഏതെങ്കിലും മതചിഹ്നത്തെ അപകീർത്തിപ്പെടുത്തുന്നില്ലെന്ന് യോഗം വിലയിരുത്തിയതായും നേമം പുഷ്പരാജ് വ്യക്തമാക്കി. കാർട്ടൂൺ ആരുടെയെങ്കിലും അവകാശങ്ങളെയോ വിശ്വാസങ്ങളെയോ ലംഘിക്കുന്നുണ്ടോയെന്ന് നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്ന് അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും വ്യക്തമാക്കി. മതചിഹ്നങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചതിനോട് സർക്കാരിന് യോജിപ്പില്ലെന്നു വ്യക്തമാക്കി തീരുമാനം പുന:പരിശോധിക്കാൻ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

തൃശൂർ ചെമ്പൂക്കാവിലെ അക്കാഡമി ആസ്ഥാനത്ത് ചെയർമാനും സെക്രട്ടറിയും ഉൾപ്പെടെ എട്ടുപേർ പങ്കെടുത്ത നിർവാഹക സമിതി യോഗത്തിലാണ് പുരസ്കാരം പിൻവലിക്കേണ്ടെന്ന് ഐകകണ്ഠ്യേന തീരുമാനമുണ്ടായത്. ഉച്ച കഴിഞ്ഞു നടന്ന നിർവാഹകസമിതി യോഗത്തിൽ തീരുമാനത്തിന് അംഗീകാരം നേടിയ ശേഷമാണ് നേമം പുഷ്പരാജ് അക്കാഡമിയുടെ നിലപാട് വ്യക്തമാക്കിയത്.

പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാർട്ടൂൺ പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്നും ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് രംഗത്തെത്തിയതോടെയാണ് വിവാദം മൂർച്ഛിച്ചത്. പുരസ്‌കാരം പിൻവലിച്ച് അക്കാഡമി മാപ്പു പറയണമെന്നാവശ്യപ്പെട്ട് അക്കാഡമിക്ക് മുന്നിലേക്ക് ഇന്നലെ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം മതചിഹ്നങ്ങളെ അധിക്ഷേപിക്കാനാകരുതെന്ന് അക്കാഡമിക്കു മുന്നിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാസ്റ്ററൽ സെന്ററിൽ നിന്ന് പ്രകടനമായാണ് സമരക്കാർ അക്കാഡമിക്കു മുന്നിലെത്തിയത്. വൈദികരും കന്യാസ്ത്രീകളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനു പേർ പ്രകടനത്തിൽ പങ്കെടുത്തു.