തൃശൂർ: കുപ്പിക്കഴുത്ത് പൊട്ടിക്കൽ നീണ്ടതിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പോര്. മുൻ മേയർ രാജൻ പല്ലന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരാറിലെ പിശകുകളാണ് കാരണമെന്നായിരുന്നു ഭരണകക്ഷി അംഗങ്ങളുടെ വാദം. എന്നാൽ കരാറിൽ കുത്തും കോമയും ഇല്ലെന്നു പറഞ്ഞ് മനഃപൂർവം വൈകിപ്പിച്ചതാണെന്ന് രാജൻ പല്ലൻ പകരം വീട്ടി.
കരാറിൽ പോസ്റ്റോഫീസിന് കെട്ടിടം പണിതു കൊടുക്കുന്നതിനു പുറമേ എസ്റ്റിമേറ്റ് തുക കെട്ടിവയ്ക്കണമെന്ന ഭാഗം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഭരണകക്ഷി വാദം. ഇതനുസരിച്ച് കരാർ തിരുത്താൻ വേണ്ട നടപടി സ്വീകരിച്ചതോടെയാണ് രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നതെന്ന് ഭരണകക്ഷിയിലെ പി. കൃഷ്ണൻകുട്ടി, അനൂപ് ഡേവിസ് കാട, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി, ഡെപ്യൂട്ടി മേയർ കുട്ടി റാഫി എന്നിവർ ആരോപിച്ചു.
കരാറിൽ ഒരു അക്ഷരത്തെറ്റ് മാത്രമാണുണ്ടായതെന്നും അത് മനസിലാക്കാൻ കഴിവില്ലാത്തതാണ് ഇത്രയും വൈകാൻ കാരണമെന്ന് രാജൻ പല്ലൻ പറഞ്ഞു. വികസനം വൈകിയതിന് പഴയ കൗൺസിലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൂട്ടായ വികസനമാണ് നടത്തുന്നത്. വികസനത്തിന് തുടക്കമിട്ട മുൻ ഭരണസമിതിയെ പരിഹസിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ പറഞ്ഞു. കൗൺസിൽ ആരംഭിച്ചയുടൻ പൊതുചർച്ച വേണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.എസ്. സമ്പൂർണ ആവശ്യപ്പെട്ടു.
സി.പി.എം ഭരണത്തെ താഴെയിറക്കാൻ ബി.ജെ.പി സഹകരിക്കുന്നില്ലെന്ന പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ ആരോപണം ഉന്നയിച്ചു. എന്നാൽ 19 പേർ മാത്രം ഒപ്പിട്ട് കൊടുക്കാൻ കഴിയുന്ന അവിശ്വാസ നോട്ടീസ് പോലും കൊടുക്കാൻ കഴിയാത്തവരാണ് കോൺഗ്രസ് എന്ന് സമ്പൂർണ പരിഹസിച്ചു. ആറ് അംഗങ്ങളുള്ള ബി.ജെ.പിയാണോ 22 അംഗങ്ങളുള്ള കോൺഗ്രസാണോ അവിശ്വാസം കൊണ്ടു വരേണ്ടതെന്നും അവർ പറഞ്ഞു. ഡാനിയേലിന്റെ ആരോപണത്തെ കെ. മഹേഷും എതിർത്തു.
കഴിഞ്ഞ മൂന്നര വർഷം ഒട്ടകപക്ഷിയുടെ പോലെ തല മണ്ണിൽ പൂഴ്ത്തിയതിനുശേഷം അവസാന വർഷമായപ്പോൾ മാത്രമാണ് വികസനം നടത്താൻ വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പരിഹസിച്ചു.