ചാലക്കുടി: പോട്ട അലവി സെന്ററിൽ ഗുണ്ടാസംഘം വീടാക്രമിച്ചു. ഒരാൾക്ക് പരിക്ക്. കോമ്പാറക്കാരൻ ജാക്‌സന്റെ വീട്ടിലാണ് അഞ്ചുപേർ വാഹനത്തിലെത്തി ആക്രമണം നടത്തിയത്. ജാക്‌സന്റെ പിതാവ് ഔസേപ്പിനാണ് മർദ്ദനമേറ്റത്. ഇയാളെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ കാർ പോർച്ചിൽ കിടന്ന മിനി ലോറി, കാർ എന്നിവ അടിച്ചു തകർത്തു.

വീടിനകത്തെ ഫർണിച്ചറുകൾ മുഴുവനും നശിപ്പിച്ചു. ജനലുകളും വാതിലുകളും അടിച്ചുടച്ചു. ഇതിനിടെയാണ് ഔസേപ്പിന് മർദ്ദനമേറ്റത്. ഇയാളുടെ ഭാര്യ റോസിലിക്ക് നേരേയും ബലപ്രയോഗമുണ്ടായി. ബഹറിനിൽ ജോലി ചെയ്യുന്ന ജാക്‌സണുമായുള്ള പണമിടപാടുള്ള ആളുകളാണ് ആക്രണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബഹറിനിൽ ഒരു ബിസിനസിന് ജാക്‌സൺ മുഖേന പണം മുടക്കിയിവരാണ് ഇവരെന്ന് സംശയിക്കുന്നു. ഇതിനു മുമ്പും പലതവണ മറ്റാളുകളും പണം തിരക്കി പോട്ടയിലെ ജാക്‌സന്റെ വീട്ടിലെത്തിയിരുന്നു. പത്തു കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പറയുന്നത്. റോസിലിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.