തൃശൂർ : ആകാശവാണി വളപ്പിലെ മരം മുറിയുമായി ബന്ധപ്പെട്ട് കരാറുകാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. മൂന്ന് മരങ്ങൾ മുറിക്കുന്നതിനാണ് കരാർ നൽകിയതെങ്കിലും ആകാശവാണി വളപ്പിലെ 82 മരങ്ങൾ മുറിച്ച നിലയിലായിരുന്നു. എന്നാൽ തങ്ങൾ ലേലം ചെയ്തു കിട്ടിയ മൂന്ന് മരങ്ങൾക്ക് ഒപ്പം ആകാശവാണി അധികൃതർ പറഞ്ഞ പ്രകാരം എതാനും ഉണങ്ങിയ മരങ്ങളാണ് കൂടുതൽ മുറിച്ചിട്ടുള്ളതെന്നാണ് കരാറുകാർ പറയുന്നത്.
എന്നാൽ ഉണങ്ങിയ മരം മുറിച്ച് കൊള്ളാൻ പറഞ്ഞിട്ടില്ലെന്നാണ് ആകാശവാണി അധികൃതർ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ മരം മുറി സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ഉണങ്ങിയ മരങ്ങൾക്ക് പുറമെ മറ്റ് മരങ്ങളും മുറിച്ചിട്ടുണ്ട്. ഇത് ആരുടെ പ്രേരണയാലാണെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മരം മുറി മുഴുവൻ കരാറുകാരുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നു വരുന്നതായി വിയ്യൂർ എസ്.ഐ പറഞ്ഞു. അക്കേഷ്വ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങളാണ് മുറിച്ചത്.