mathi

തൃശൂർ: മിസ്റ്റർ മത്തി, വന്ന വഴി മറക്കരുത്, സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ പോസ്റ്റിന് പിന്നിൽ ഒരു ശരാശരി മലയാളിയുടെ സങ്കടമുണ്ട്. പ്രിയ മീനായ മത്തിക്ക് പോലും ട്രോളിംഗ് നിരോധനം വന്നതോടെ വില കത്തിക്കയറിയതിനെതിരെയുള്ള പ്രതിഷേധവുമുണ്ട്. വില കൂടിയ മത്സ്യത്തിന് പഴയതുപോലെ ആവശ്യക്കാരുമില്ല.

ഈസ്റ്ററിനോട് അനുബന്ധിച്ച് വില കൂടിയ മത്സ്യവിപണിയിൽ ഇപ്പോൾ നല്ല മീൻ കിട്ടാനില്ലെന്ന പ്രതിസന്ധിയാണ്. നാലു ദിവസം മുമ്പ് അന്യസംസ്ഥാനത്ത് ട്രോളിംഗ് നിരോധന കാലാവധി തീർന്നെങ്കിലും മത്സ്യം കേരളത്തിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. കൂടിയ വില നിലനിറുത്താൻ അന്യസംസ്ഥാന ലോബി മത്സ്യം പിടിച്ചുവയ്ക്കുന്നുവെന്നാണ് തൃശൂർ മാർക്കറ്റിലെ മൊത്ത വിതരണക്കാരുടെ അഭിപ്രായം. കിലോഗ്രാമിന് 120 മുതൽ 160 വരെയുണ്ടായിരുന്ന മത്തി ഇന്നലെ തൃശൂർ മാർക്കറ്റിൽ വിറ്റത് 240 രൂപയ്ക്കാണ്. ഗ്രാമങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെത്തുന്ന വിൽപ്പനക്കാർ 280 രൂപയ്ക്കാണ് വിറ്റത്. 1500 മുതൽ 1800 രൂപ വരെയാണ് അയക്കൂറയുടെ വില. ഓരോ ഇനം മത്സ്യത്തിനും കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് നൂറു മുതൽ 150 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്.
വളർത്തു മത്സ്യങ്ങളാണ് മാർക്കറ്റിൽ ഇപ്പോൾ കൂടുതലായുള്ളത്. ഇതിനാകട്ടെ ആവശ്യക്കാർ കുറവാണ്. തൃശൂർ മാർക്കറ്റിലേക്ക് കൂടുതൽ മീനെത്തിയിരുന്ന മുനമ്പത്ത് നിന്ന് മുമ്പ് വന്നതിന്റെ നാലിലൊരു ഭാഗം മാത്രമാണ് ഇപ്പോഴെത്തുന്നത്. ചെറുതോണികൾ വഴി പിടിക്കുന്ന മത്സ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. പതിനഞ്ച് ദിവസമെങ്കിലും പഴക്കമുള്ള മത്സ്യങ്ങളാണിപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും തൊട്ടുപിന്നാലെ കേരളത്തിലും ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയപ്പോഴാണ് മത്സ്യവില കത്തിക്കയറിയത്. അന്യസംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം നീങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ വില കുറയുമെന്ന പ്രതീക്ഷയാണ് പൊതുവെ വ്യാപാരികൾക്ക്.
അന്യസംസ്ഥാന മത്സ്യങ്ങളിൽ ഫോർമാലിന്റെ ഉപയോഗം ഉണ്ടോയെന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതുവരെ സംശയിക്കാവുന്ന സാമ്പിളുകൾ ലഭിച്ചിട്ടില്ല.


ഹോട്ടലുകളിലും മത്സ്യ ക്ഷാമം


മീൻ വില വർദ്ധിച്ചതോടെ ഹോട്ടലുകളിലും മത്സ്യ വിഭവങ്ങളുടെ വിൽപ്പന കുറഞ്ഞു. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തു വരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിൽക്കാനാകില്ല. മത്സ്യവിലയ്ക്കനുസരിച്ച് പൊരിച്ച മീനിനും കറിക്കും വില കൂട്ടാനുമാകില്ല. മീൻ വിഭവങ്ങൾ കുറക്കാൻ കാരണമിതാണ്. അതേ സമയം ചില ഇടങ്ങളിൽ വില കൂട്ടി വിൽക്കുന്നവരുമുണ്ട്

രാജൻ (ഹോട്ടലുടമ).

ഇന്നലത്തെ മത്സ്യവില

തൃശൂർ മാർക്കറ്റിൽ (കിലോഗ്രാമിന്)

മത്തി 250
വേളൂരി 140
കൊഴുവ 100
കടൽത്തുമ്പി 140
കുടുത 200
ഐല 280
അയക്കൂറ 1600
ആവോലി (വെള്ള) 300
തിലോപ്പി (നാടൻ) 200.