പുതുക്കാട്: പീച്ചിയിൽ നിന്നും ഉത്ഭവിക്കുന്ന മണലിപ്പുഴ 33 കിലോമീറ്റർ ഒഴുകി പാലക്കടവിലെ കുറുമാലിപ്പുഴയിൽ ചേർന്ന് കരുവന്നൂർ പുഴയായി മാറുന്നതിന് മുൻപേ വിഷവാഹിനിയാകും. പാണഞ്ചേരി, പുത്തൂർ, നടത്തറ, തൃക്കൂർ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മണലിപ്പുഴയെ ആശ്രയിച്ചാണ് ചെറുതും വലുതുമായ ഒട്ടേറെ കുടിവെള്ള പദ്ധതികളുടെ നിലനിൽപ്പ്.
കൂടുതൽ മലിനമാകുന്നത് തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളിൽ എത്തുമ്പോഴാണ്. കളിമൺ ഖനനത്തെ തുടർന്ന് ഇരുകരകളിലെയും വയലുകൾ ഇല്ലാതായതോടെ മണലിപ്പുഴയുടെ നാശത്തിന് തുടക്കമായി. നെൽവയലുകൾ ഉപയോഗശൂന്യമായ വെള്ളക്കുഴികളായതോടെ പലതും മീൻ വളർത്തു കേന്ദ്രങ്ങളായി മാറി. മത്സ്യത്തിന് തീറ്റയായി മിക്കയിടത്തും എത്തിക്കുന്നത് അറവു മലിന്യങ്ങളും മറ്റുമാണ്.
കൂടാതെ വെള്ളക്കുഴികളിലെ ചണ്ടിയും പുല്ലും അഴുകി ദുർഗന്ധം വമിക്കുന്നതും പതിവാണ്. നെന്മണിക്കരയിലെത്തിയാൽ ദേശീയ പാതയോരത്ത് ഉപേക്ഷിക്കുന്ന കക്കൂസ്, അറവ് മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ഒഴുകിയെത്തുന്നതും തലോർ കായൽ തോട് വഴി മണലി പുഴയിലാണ്. കായൽ തോട് പുഴയിൽ ചേരുന്ന അറയ്ക്കക്കടവിൽ പുതിയ ചീപ്പ് സ്ഥാപിച്ച് കഴിഞ്ഞവർഷം നടന്ന നവീകരണത്തിന് 20 ലക്ഷമാണ് ചെലവിട്ടത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു നവകരണം.
ദേശീയപാത മണ്ണുത്തി ബൈപാസിൽ മറ്റ് ജില്ലകളിൽ നിന്നുപോലും എത്തിക്കുന്ന മാലിന്യം രാത്രിയിൽ തള്ളുന്നുണ്ട്. പാതയ്ക്ക് ഇരുവശത്തുമുള്ള വർക്ക് ഷോപ്പുകളിൽ നിന്നുള്ള മാലിന്യവും ഇവിടെ പുറംതള്ളുന്നുണ്ട്. ഈ മാലിന്യമെല്ലാം തലോർ കായൽ തോട് വഴി മണലിപ്പുഴയിലെത്തുന്നു. ഒരു പ്രമുഖ കാർ കമ്പനിയുടെ സർവീസ് സ്റ്റേഷന്റെ ഉള്ളിലൂടെയാണ് കനാൽ കായൽ തോട് കടന്നുപോകുന്നത്. ഇരുവശങ്ങളിലും കെട്ടി ഉയർത്തി സ്ലാബിട്ട് മൂടിയ കനാലിലൂടെ മഴയത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന പെടോളിയം മാലിന്യത്തിനും കണക്കില്ല.
പേരിലുണ്ട്, നാട്ടിലില്ല
പേരിൽ തന്നെയുണ്ട് നെന്മണിക്കരയുടെ കാർഷിക പാരമ്പര്യം. നെൽക്കൃഷിക്ക് കീർത്തികേട്ട സ്ഥലത്ത് ഇന്ന് പേരിന് പോലും കൃഷിയില്ല. പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന ആയിരക്കണക്കിന് ഏക്കറിൽ നെൽകൃഷി ആരംഭിക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതരും മുഖം തിരിക്കുകയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം ഉൾപ്പെടെയുള്ളവ ഗൗരവം വിശദമാക്കുന്നുണ്ടെങ്കിലും മണ്ണുമാഫിയ വാങ്ങിക്കൂട്ടിയ കൃഷിയിടങ്ങളിലേക്ക് നോക്കാൻ പോലും അധികൃതർ മടിക്കുന്നു. പുത്തുർ പഞ്ചായത്തിലെ മീൻ വളർത്തു കേന്ദ്രത്തിൽ നിന്നും ഒഴുക്കിയ മാലിന്യം മൂലം മലിനമായ മണലിപ്പുഴയിലെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിറുത്തിവച്ചത് പത്ത് ദിവസമാണ്.
കാമറകൾ സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി.
ദേശീയപാത ബൈപാസിൽ മരത്താക്കരയിൽ പാതയോരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വാക്കുകളിലൊതുങ്ങി. കഴിഞ്ഞ വേനലിൽ ഇവിടെ തള്ളിയ മാലിന്യം യന്ത്രസഹായത്തോടെ നീക്കിയിരുന്നു. തുടർന്നാണ് പ്രഖ്യാപനമുണ്ടായത്.
മലിനം
മണലിപ്പുഴ ഒഴുകുന്നത് പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിലൂടെ
പാണഞ്ചേരി, പുത്തൂർ, നടത്തറ, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകൾ
പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികൾ പുഴവെള്ളത്തെ ആശ്രയിച്ച്
നെൽപ്പാടങ്ങൾ കളിമണ്ണ് ഖനനത്തിലൂടെ വെള്ളക്കുഴികളായി
പുഴവെള്ളം ഏറ്റവും മലിനമാകുന്നത് നെന്മണിക്കര പഞ്ചായത്തിൽ
ദേശീയപാതയോരത്ത് തള്ളുന്ന കക്കൂസ്, അറവ് മാലിന്യം പുഴയിൽ കലരുന്നു