ചാവക്കാട്: കടപ്പുറം തീരദേശത്ത് കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയ ഇറിഗേഷൻ ഓഫീസർമാരെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. കടൽഭിത്തി നിർമ്മാണത്തിനായി നിരവധി നിവേദനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും കടൽക്ഷോഭ ദുരിതകാലത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന് കഷ്ടപ്പെട്ട് സേവനം അനുഷ്ഠിച്ച കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധികളെ അറിയിക്കാതെ സി.പി.എം നേതാക്കളോടൊത്ത് തീരദേശത്ത് അളവെടുപ്പ് തുടങ്ങിയതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞത്.
ഇറിഗേഷൻ എൻജിനിയർ എ.ജെ. മേഴ്‌സി,അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ എസ്.കെ. രാജേഷ്, എക്‌സിക്യൂട്ടിവ് എൻജിനിയർ എ.യു. നാസർ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം കടൽക്ഷോഭ സമയത്ത് നിയുക്ത എം.പി. ടി.എൻ.പ്രതാപൻ തീരദേശം സന്ദർശിച്ച് കളക്ടറുമായി സംസാരിച്ച് അടിയന്തരമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം കടപ്പുറം പഞ്ചായത്തിലെ നാല് സ്ഥലങ്ങളിൽ കടൽഭിത്തി കെട്ടാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ തീരദേശത്ത് എത്തിയത്.
ജനപ്രതിനിധികൾ പ്രതിഷേധിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തി, പിന്നീട് കാര്യങ്ങൾ വിശദീകരിച്ചു. കടൽഭിത്തി കെട്ടാനല്ല തീരുമാനമെന്നും കൂടുതൽ പ്രശ്‌നമുള്ള സ്ഥലങ്ങളിൽ കല്ലിടലും മണൽ ചാക്ക് ഭിത്തിയുമാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. കടൽഭിത്തി പുനർനിർമ്മിക്കണമെന്നും പുലിമുട്ട് കൂടെ നിർമ്മിക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, മെമ്പർമാരായ ഷൈല മുഹമ്മദ്, ഷാലിമ സുബൈർ, പി.എ. അഷ്കറലി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.