കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം കുറ്റിക്കാട് റോഡിലെ കുണ്ടുകുഴിപ്പാടം പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖാ യോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. 700 മീറ്റർ റോഡിൽ വെള്ളക്കെട്ട് വരുന്ന സ്ഥലങ്ങളിൽ റോഡിന്റെ ഉയരം കൂട്ടി റീ ടാറിംഗ് നടത്താനും ഐറീഷ് കാനയും ബോക്‌സ് കാനയും നിർമ്മിക്കാനും എം.എൽ.എ ഫണ്ടിൽ നിന്ന് 29.25 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാൽ 700 മീറ്റർ റോഡിന്റെ റീ ടാറിംഗ് ജോലികൾ മാത്രമേ കരാറുകാരൻ പൂർത്തിയാക്കിയിട്ടുള്ളു. റോഡിന്റെ കനം ഉയർത്തിയപ്പോൾ ഇരുവശങ്ങളും റോഡിൽ നിന്ന് താഴ്ന്നുപോയതായി പറയുന്നു. ഈ ഭാഗത്ത് മണ്ണിട്ട് നികത്താത്തതിനാൽ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. ശാഖാ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി.മനോജ്, ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, കെ.എ. ശിവൻ, ടി.കെ. ബാബു, സി.എസ്. ഗോപി, ടി.എസ്. ജയൻ, മിനി സുബ്രഹ്മണ്യൻ, വിജി സുനിൽ എന്നിവർ പ്രസംഗിച്ചു.