guruvayur

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് അകത്തു നിന്നും പുരുഷന്മാർ ധരിക്കുന്ന ചെരുപ്പ് കണ്ടെത്തിയത് സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം. തിങ്കളാഴ്ച ക്ഷേത്രം നാലമ്പലത്തിനകത്ത് മണിക്കിണറിന് സമീപത്താണ് ചെരുപ്പ് കണ്ടെത്തിയത്. ദർശനത്തിനെത്തിയ ഭക്തരാരെങ്കിലും അബദ്ധത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിച്ചതാകാമെന്നാണ് കരുതുന്നത്.

ക്ഷേത്രത്തിൽ ഉച്ചപൂജ നേദ്യത്തിന് മുമ്പ് നാലമ്പലം വൃത്തിയാക്കുന്നതിനിടെയാണ് ചെരുപ്പ് കണ്ടത്. തുടർന്ന് പുണ്യാഹം ചെയ്ത് ശുദ്ധിക്രിയ നടത്തിയ ശേഷമാണ് ഉച്ചപൂജ ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കുന്ന ഭാഗങ്ങളിൽ ദേവസ്വം വാച്ച്മാന് പുറമെ സെക്യൂരിറ്റിയായി എക്‌സ് സർവീസുകാരും പൊലീസുകാരും ഡ്യൂട്ടിയിലുണ്ട്. മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് പൊലീസിന്റെ ദേഹപരിശോധനയും ദേവസ്വം സെക്യൂരിറ്റിയുടെ പരിശോധനയും കഴിഞ്ഞാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. എന്നിട്ടും ചെരുപ്പ് ധരിച്ച് ഭക്തൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് കണ്ടെത്താനായില്ലായെന്നത് സുരക്ഷാ വീഴ്ച്ചയാണെന്നാണ് ഭക്തജന സംഘടനകളുടെ ആരോപണം..