കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് സ്തംഭിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ കോൺഗ്രസ് പ്രവർത്തകർ ജങ്കാറിലേക്ക് പ്രതിഷേധ ബോട്ട് യാത്രയും തുരുമ്പെടുത്ത് നശിക്കുന്ന ജങ്കാറിൽ റീത്ത് സമർപ്പണവും നടത്തി. കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അഴീക്കോട് - മുനമ്പം ജങ്കാറിന്റെ ചരമവാർഷിക ദിനാചരണവും പ്രതിഷേധ ജലയാത്രയും റീത്ത് സമർപ്പണവും നടത്തിയത്.
അഴീക്കോട് ജെട്ടിയിൽ നിന്നും പുറപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ജങ്കാർ കെട്ടിയിരിക്കുന്ന കോട്ടപ്പുറം വി.പി തുരുത്തിൽ എത്തി ജങ്കാറിൽ റീത്തുകൾ വച്ച് പ്രതിഷേധിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, അഡ്വ.പി.എച്ച്. മഹേഷ്, അഡ്വ.വി.എം. മൊഹിയുദ്ദീൻ, കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സി.ജി. ചെന്താമരാക്ഷൻ, മണ്ഡലം പ്രസിഡന്റുമാരായ പി.പി. ജോൺ, സൈനുദ്ദീൻ കാട്ടകത്ത്, വി.സി. ജോളി തുടങ്ങിയവർ പ്രസംഗിച്ചു.