ചാലക്കുടി: മേയാനായി അഴിച്ചുവിടുന്ന നാൽക്കാലികൾ അതിരപ്പിള്ളി റോഡിൽ അപകട ഭീഷണി. പശു, എരുമ തുടങ്ങി നിരവധി വളർത്തു മൃഗങ്ങളാണ് പകലന്തിയോളം സമീപത്തെ എണ്ണപ്പനത്തോട്ടത്തിൽ മേയുന്നത്. കെട്ടിയിടാത്ത ഇവയുടെ സഞ്ചാരം പലപ്പോഴും റോഡിലൂടെയാണ്. വാഹനങ്ങൾ ചീറിപ്പായുന്ന വേളകളിൽ ഇവ പെട്ടെന്ന് റോഡിലേക്ക് കടക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വളവുകളിൽ നിൽക്കുന്നവയാണ് കൂടുതൽ അപകടകാരികൾ. പല ഇരുചക്ര വാഹന യാത്രക്കാരും ഇത്തരം ദുരന്തങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. മഴക്കാലത്താണ് അപകടങ്ങൾക്ക് സാദ്ധ്യത കൂടുതൽ. വനമേഖലയിൽ അലക്ഷ്യമായി കന്നുകാലികളെ മേയാൻ വിടുന്നത് മറ്റുതരത്തിലും അപകടങ്ങളെ ക്ഷണിച്ചു വരുത്തലാണ്. തോട്ടങ്ങളിൽ അലയുന്ന ഇവയെ തേടി വന്യ മൃഗങ്ങളും എത്താറുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും പരിസരവാസികൾ വളർത്തു മൃഗങ്ങളെ നിയന്ത്രണമില്ലാതെ അഴിച്ചു വിടുകയാണ്.