vayanasala
ഇരുപത് വർഷമായി അടഞ്ഞുകിടന്ന വലപ്പാട് പഞ്ചായത്തിന്റെ വായനശാല വൃത്തിയാക്കുന്നു.

തൃപ്രയാർ: ഇരുപത് വർഷമായി എടമുട്ടത്ത് അടഞ്ഞുകിടന്ന വലപ്പാട് പഞ്ചായത്തിന്റെ വായനശാലയ്ക്ക് പുതുജീവൻ. വായനശാല പ്രവർത്തന യോഗ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭാസുബിൻ വലപ്പാട് പഞ്ചായത്ത് അംഗം സുമേഷ് പാനാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ സംസ്കാര സാഹിതി പ്രവർത്തകരും പ്രവർത്തിച്ചതോടെ നഷ്ടപ്പെട്ട ജീവൻ വീണ്ടെടുത്തു.

വായനശാല നീണ്ട 20 വർഷമായി അടഞ്ഞുകിടക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആറ് വർഷം മുൻപ് വായനശാലയ്ക്ക് റീത്ത് വച്ചിരുന്നു. ഗീത ഗോപി എം.എൽ.എയും പഞ്ചായത്തും വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ വായനശാല തുറക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് മുഖവിലയ്ക്കെടുത്തില്ല.

വായനാദിനാചരണത്തിലും വായനശാല തുറക്കില്ല എന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു. തുടർന്നാണ് ജനകീയമായി വായനശാല തുറക്കാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സുബിൻ വായനശാല തുറക്കാൻ ആവശ്യമായ മുഴുവൻ ഫണ്ടും പാസാക്കുമെന്ന് അറിയിച്ചു. മരം വളർന്ന് വേരിറങ്ങിയ അവസ്ഥയിലായിരുന്ന വായനശാല സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയായിരുന്നു. പുസ്തകങ്ങൾ മുഴുവൻ നശിച്ച നിലയിലാണ്.

ഒരു ഹാളും റൂമും റാക്കുകളും ബാത്ത് റൂമും ഉള്ള വായനശാലയാണ് 20 വർഷമായി നശിക്കുന്നത്. വലപ്പാട് പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ ഉള്ള ഏക വായനശാലയാണ് എടമുട്ടത്തെ ഈ വായനശാല. വായനശാലയ്ക്ക് ഈ വർഷം തന്നെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും അനുവദിക്കുമെന്ന് ശോഭ സുബിൻ അറിയിച്ചു. സാധാരണ സമരങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിലുള്ള പ്രതിഷേധമാണ് സാംസ്കാര സാഹിതി സംഘടിപ്പിച്ചത്. മാറാല മാറ്റി നിലം വൃത്തിയാക്കി തുടച്ച് കഴിഞ്ഞപ്പോൾ മേശയും കസേരയും വൃത്തിയാക്കി. ഇത് കണ്ട് വന്ന കവിയും കഥാകൃത്തുമായ മണി സാരംഗ് വായനശാലയ്ക്ക് അടിക്കാനായി പുതിയ പെയിന്റ് വാങ്ങി നൽകി.

സമരം ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി വലപ്പട് മണ്ഡലം ചെയർമാൻ ജിതേഷ് സോമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി യു. ഉദയൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ സന്തോഷ് പി.എസ്, ഇക്ബാൽ എം.എം, സചിത്രൻ തയ്യിൽ, ജസീൽ പുതിയ വീട്ടിൽ എന്നിവർ സംസാരിച്ചു.