വടക്കാഞ്ചേരി: കുമ്പളങ്ങാടിനെ മാലിന്യപ്പറമ്പാക്കുന്ന നഗരസഭയുടെ നടപടി പ്രദേശവാസികളോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. കൃത്യമായ സംസ്‌കരണ സംവിധാനമില്ലാതെ വൻതോതിൽ കുമ്പളങ്ങാട് മാലിന്യം തള്ളുന്നത് പ്രദേശവാസികളെ രോഗാതുരരാക്കും, ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ ബി.ജെ.പി നേതൃത്വത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാഗേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കുമ്പളങ്ങാട് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരങ്ങളെത്തുടർന്ന് പ്രദേശം സന്ദർശിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ. ഗിരിജൻ നായർ , മുനിസിപ്പൽ പ്രസിഡന്റ് വി.എം. ഗോപിദാസ്, സെക്രട്ടറി രാധാകൃഷ്ണൻ .കെ, കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട്, മോഹനൻ പോട്ടോർ, വർഗീസ് ചിരിയങ്കണ്ടത്ത് തുടങ്ങിയവരും നാഗേഷിനൊപ്പം സ്ഥലം സന്ദർശിച്ചു.