വടക്കാഞ്ചേരി: കുമ്പളങ്ങാട് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന മാലിന്യം കുറയ്ക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് അധികൃതർ. 324 കടകളിൽ നിന്നും 91 വീടുകളിൽ നിന്നും 11 ഫ്ലാറ്റുകളിൽ നിന്നുമുള്ള മാലിന്യമാണ് കുമ്പളങ്ങാട്ടെ പ്ലാന്റിലേക്ക് എത്തുന്നത്. സംസ്കരണം ശാസ്ത്രീയമായി നടക്കുന്നതിന് മാലിന്യം ജൈവവും അജൈവവുമായി വേർതിരിച്ച് എത്തിക്കുന്നതിന് ക്രമീകരണം നടത്തുകയാണ്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ ഹോട്ടൽ ബേക്കറി അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് നഗരസഭ നിലപാട് അറിയിച്ചത്. കൂടാതെ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് 59 ശതമാനം സബ്സിഡിയിൽ ബയോഗ്യാസ് പ്ലാന്റ് നഗരസഭ നിർമിച്ചുനൽകും. നിലവിൽ ഹോട്ടലുകളിൽ നിന്നും വരുന്ന മാംസാവശിഷ്ടങ്ങൾ പന്നിഫാമുകളിലക്ക് കൊണ്ടു പോകുന്ന ഒരു സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം കൂടുതൽ ആവശ്യക്കാരിൽ എത്തിക്കാനുള്ള ക്രമീകരണം ചെയ്യും.

ജൈവാവശിഷ്ടങ്ങൾ കമ്പോസ്റ്റ് ചെയ്യാൻ 40 ലക്ഷം രൂപയ്ക്ക് വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിന് ഉള്ള പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മലിനജലത്തിന്രെ അളവ് കുറയ്ക്കാൻ പുതിയ രീതിയിലുള്ള വാഷിംഗ് സമ്പ്രദായത്തിന്റെ പ്രദർശനം ഡലീസ ഹോട്ടലിൽ നടത്തും. നഗരസഭാ പരിധിയിൽ സ്ട്രോ നിരോധിക്കാനും ധാരണയായി. സർവ്വശുദ്ധി പദ്ധതിയിൽ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടക്കം എല്ലാ സ്ഥാപനങ്ങളെയും കൂടി ഉൾപ്പെടുത്താൻ 20ന് നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ, ഹരിത കർമ സേന, ആശ വർക്കർമാർ ഹോട്ടൽ അസോസിയേഷൻ വ്യാപാരി സഘടനകൾ തുടങ്ങിയവർ സംയുക്തമായി എല്ലാ സ്ഥാപനങ്ങളിളിലും സന്ദർശിച്ചു കാമ്പയിൻ നടത്തും.

ആനപ്പറമ്പ് സ്കൂളിൽ ചേർന്ന യോഗം ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം..ആർ. അനൂപ് കിഷോർ, ഹെൽത്ത് ഇൻസ്പെക്ടർ വിജയ് പ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ പ്രമോദ് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. സോമ നാരായണൻ, ഡോ. മനോജ് അജിത് മല്ലയ്യ, സുകുമാരൻ പുതുരുത്തി എന്നിവർ ചർച്ച നയിച്ചു. ഹോട്ടൽ ബേക്കറി അസോസിയേഷൻ ഭാരവാഹികൾ മറ്റു നഗരസഭാ ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.