തൃശൂർ: വടക്കേക്കാട് ജപ്പാൻജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിക്കുകയും എച്ച്1 എൻ1, ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുകയും ചെയ്തതോടെ ഒരു ഭാഗത്ത് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുമ്പോഴും പാതയോരങ്ങളിൽ മാലിന്യം ചീഞ്ഞളിഞ്ഞ് കൊതുകുശല്യം രൂക്ഷമാകുന്നു.
നഗരത്തിലെ ഓടകൾ വൃത്തിയാക്കാനായി നീക്കം ചെയ്ത മണ്ണ് റോഡിൻ്റെ വശങ്ങളിലാണ് നിക്ഷേപിക്കുന്നത്. അത് വീണ്ടും മഴയിൽ ചീഞ്ഞളിഞ്ഞ് കാനയിലേക്ക് ഒഴുകാനും തുടങ്ങി. ഫ്ളാറ്റുകളിൽ നിന്നും മറ്റുമുള്ള മാലിന്യം വഴിയോരങ്ങളിൽ തള്ളുന്നതും വ്യാപകമായി. റെയിൽവേ സ്റ്റേഷന്റെ പൂത്തോൾ റോഡിലെ കവാടത്തിന് മുൻവശം, പടിഞ്ഞാറേക്കോട്ട, ശങ്കരയ്യറോഡ് ജംഗ്ഷൻ, ശക്തൻ നഗർ, വടക്കെ സ്റ്റാൻഡ്, മുണ്ടുപാലം, എന്നിവിടങ്ങളിലെല്ലാം മാലിന്യം കുന്നുകൂടിയ നിലയിലാണ്. മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ കൊതുകുശല്യവും കൂടി.
വീടുകളിൽ ഞായറാഴ്ച ദിവസവും കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ച കേന്ദ്രീകരിച്ചും ഡ്രെ ഡേ ആചരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ കുടുംബശ്രീകൾ വഴി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ഹോട്ടലുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം നശിപ്പിച്ചിരുന്നു. സ്ഥാപന ഉടമകൾക്കെതിരെ നോട്ടീസ് നൽകുകയും പിഴയടപ്പിക്കുകയും ചെയ്തു. ന്യൂനതകൾ പരിഹരിക്കാത്ത സ്ഥാപനങ്ങൾ പൂട്ടുമെന്നും മുന്നറിയിപ്പുണ്ട്.
മന്ത് രോഗം പരത്തുന്ന കൊതുകുകളെ കണ്ടെത്തിയ സാഹചര്യത്തിൽ വടക്കേക്കാട് കേന്ദ്രീകരിച്ച്, പനിബാധിതരുടെ രക്തപരിശോധനയും നടക്കുന്നുണ്ട്. ജപ്പാൻ ജ്വരം പരത്തുന്ന കൊതുകുകളേയും ലാർവകളേയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കുന്നുണ്ട്.
പ്രതിരോധപ്രവർത്തനങ്ങൾ:
$ ആരോഗ്യം, ആയുർവേദം, ഹോമിയോ വകുപ്പുകളുടെ കീഴിൽ പ്രതിരോധം.
$ ക്‌ളോറിനേഷൻ വ്യാപകമാക്കിയത് കോർപറേഷൻ പരിധിയിൽ.
$ കുടിവെള്ളം ശുദ്ധീകരിക്കാൻ സേഫ് വാട്ടർ പദ്ധതി
$ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് ക്‌ളീൻ പ്ലാന്റേഷൻ
$ ആയുർവേദവവിഭാഗം നടത്തിയത്19 മെഡിക്കൽ ക്യാമ്പുകൾ.
$ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തത് 34 സ്ഥാപനങ്ങളിൽ.
$ നടത്തിയത് 85 ബോധവത്കരണക്ലാസുകൾ
ശ്രദ്ധിക്കാൻ:
നന്നായി തിളപ്പിച്ചാറിയ കുടിവെള്ളം ഉപയോഗിക്കുക.
ഭക്ഷണപദാർത്ഥങ്ങൾ മൂടി സൂക്ഷിച്ചുവയ്ക്കുക.
സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകൾ, ക്‌ളോറിനേഷൻ, ബോധവത്കരണ ക്ലാസുകൾ, ഓടകൾ വൃത്തിയാക്കൽ, കുടിവെള്ള സ്രോതസ്സുകളെ മാലിന്യമുക്തമാക്കൽ, കൊതുകുനിവാരണ പരിപാടികൾ, രോഗപ്രതിരോധ മരുന്നുകളുടെ വിതരണം എന്നിവ പൂർത്തിയാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും മരുന്ന് വിതരണവും നടത്തുന്നുണ്ട്.
-ഡോ. ടി.വി. സതീശൻ (ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം)
ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
"അപരാജിത ധൂമചൂർണ്ണം കൊതുകു നശീകരണത്തിനായി എല്ലാ ആയുർവേദ ഡിസ്പെൻസറികളിലും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. രോഗം വ്യാപകമാകുന്ന സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടത്തും. എട്ടുലക്ഷം രൂപയുടെ മരുന്നുകൾ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്."
-ഡോ. എസ്. ഷിബു (ഡി.എം.ഒ, ഭാരതീയ ചികിത്സാവകുപ്പ്)