തൃശൂർ: ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ അവാർഡിന്റെ കാര്യത്തിൽ സർക്കാർ നിലപാട് അപഹാസ്യമെന്നും വോട്ടുബാങ്ക് രാഷ്ട്രീയമാണ് സർക്കാർ നിലപാടിന് പിന്നിലെന്നും സാഹിത്യകാരി സാറ ജോസഫ് കുറ്റപ്പെടുത്തി.
കുറ്റം ചെയ്ത ഒരാളെ വിമർശിച്ച് കാർട്ടൂൺ വരച്ചാൽ മതവികാരം വ്രണപ്പെടുന്നതെങ്ങിനെയെന്ന് മനസിലാകുന്നില്ല. കുറ്റം ചെയ്ത വ്യക്തിയെയാണ്, മതത്തെയല്ല വിമർശിച്ചത്. പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന സർക്കാർ നിലപാട് നാണക്കേടാണ്. ഇടതുപക്ഷം ഇല്ലാതായത് നേതാക്കളുടെ ഇത്തരത്തിലുള്ള പ്രീണനനയം മൂലമാണ്. ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടിയുള്ള മുറവിളി തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം നടത്തുകയെന്ന നിലപാടാണ് ഇടതുപക്ഷവും വലതുപക്ഷവും പുലർത്തുന്നത്. ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്‌സിനെതിരെ പൊലീസ് നടത്തുന്ന ദ്രോഹ നടപടികൾ തെറ്റായ കീഴ്‌വഴക്കമാണെന്നും സാറ ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.