തൃശൂർ: ജില്ലയിലെ 50 സർക്കാർ സ്‌കൂളുകളിൽ ഈ അദ്ധ്യയന വർഷം മുതൽ ജലരക്ഷ ജീവരക്ഷാ പദ്ധതി നടപ്പിലാക്കാൻ തീരുമാനം. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ജലരക്ഷ ജീവരക്ഷാ പദ്ധതി പ്രവർത്തനങ്ങളുടെ ആലോചനാ യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകൾ മുഖേന മാർഗ നിർദേശങ്ങൾ നൽകി ജില്ലാ വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവയെ ഉൾപ്പെടുത്തിയാണ് പദ്ധതിയിൽ സ്‌കൂളുകളെ പങ്കാളികളാക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണിത്. ഇതിനായി നിയോജക മണ്ഡലം, ബ്ലോക്ക് തലത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുമെന്ന് യോഗം അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 21, 22, 24 തീയതികളിൽ കിലയിൽ പരിശീലന ക്ലാസ് നടത്തും. പഞ്ചായത്ത് തലത്തിൽ നിന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, സ്‌കൂളുകളിൽ നിന്ന് അദ്ധ്യാപകർ എന്നിവരെ പരിശീലനത്തിൽ പങ്കെടുപ്പിക്കും. കോളേജ് തലത്തിലും പദ്ധതി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജലരക്ഷ ജീവരക്ഷ നോഡൽ ഓഫീസർ പി.ഡി. സിന്ധു അദ്ധ്യക്ഷയായി. എ.ഡി.എം: റെജി പി. ജോസഫ്, ഗവ. നോമിനി എം.എൻ. സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ എന്നിവർ പങ്കെടുത്തു.