ചാലക്കുടി: പ്രളയത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ച ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ പതിമൂന്നിലെ പാലത്തിന്റെ നവീകരണം ജൂലായ് ഒന്നിനു മുമ്പ് ആരംഭിക്കും. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്മജ ഗ്രൂപ്പ് കമ്പനിയാണ് 184 ലക്ഷം രൂപ ചെലവു വരുന്ന നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്ഥാന ചലനം സംഭവിച്ച പാലത്തിന്റെ മേൽഭാഗം നേരെയാക്കൽ, സ്പാനുകളിലെ കേടുപറ്റിയ ബെയറിംഗുകൾ മാറ്റിവയ്ക്കൽ എന്നിവയാണ് പ്രധാന പ്രവൃത്തികൾ. ഒടിഞ്ഞ കൈവരികളും ഒഴുകിപ്പോയ നടപ്പാതയിലെ ടൈലുകളും പുനഃസ്ഥാപിക്കും. ഇരുഭാഗത്തും പടവുകളും തകർന്നു പോയിരുന്നു. ഇവയും പുതുക്കി നിർമ്മിക്കും. ചാലക്കുടി ഭാഗത്തെ പാലത്തിന്റെ റിംഗ് വാളും മാറ്റിസ്ഥാപിക്കുന്നവയിൽ ഉൾപ്പെടും. വിവിധ തൂണുകളിലായി പതിനഞ്ച് ബെയറിംഗിന് കേടു പറ്റിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പാലം നിർമ്മിച്ചത്. 151 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ മുകളിലൂടെ പത്തടി ഉയരത്തിലായിരുന്നു പ്രളയത്തിൽ വെള്ളം ഒഴുകിയത്. ബലക്ഷയം സംഭവിച്ചതോടെ പാലത്തിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. അതിരപ്പിള്ളിയിൽ നിന്നും അങ്കമാലിയിലേക്കു എളുപ്പ മാർഗം ലക്ഷ്യമിട്ട് പന്ത്രണ്ട് വർഷം മുമ്പാണ് പാലം നിർമ്മിച്ചത്. പുതുതായി നിർമ്മിതമാകുന്ന മലയോര ഹൈവേയും ഈ പാലത്തിലൂടെയാണ് കടന്നുപോകുക.
..........................
നവീകരിക്കുന്നത്
സ്ഥാന ചലനം സംഭവിച്ച പാലത്തിന്റെ മേൽഭാഗം നേരെയാക്കും
സ്പാനുകളിലെ കേടുപറ്റിയ ബെയറിംഗുകൾ മാറ്റിവയ്ക്കും
ഒടിഞ്ഞ കൈവരികൾ, ഒഴുകിപ്പോയ നടപ്പാതയിലെ ടൈലുകൾ പുനഃസ്ഥാപിക്കും
ഇരുഭാഗത്തും തകർന്നുപോയ പടവുകൾ പുതുക്കി നിർമ്മിക്കും
ചാലക്കുടി ഭാഗത്തെ പാലത്തിന്റെ റിംഗ് വാളും മാറ്റിസ്ഥാപിക്കും