അന്തിക്കാട്: മണലൂർ സ്വദേശിനി കുന്നത്തുള്ളി വിനോദിനിയും സഹോദരൻ ശ്രീനിവാസനും വഴിതർക്കത്തിന് പരിഹാരം തേടിയാണ് ബുധനാഴ്ചയിലെ ആദ്യ പരാതിക്കാരായി അന്തിക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. വായനാദിനമായ ബുധനാഴ്ച സ്റ്റേഷൻ പി.ആർ.ഒയുടെ മുറിയിൽ ചെറുവായനാ സൗഹൃദ സദസൊരുക്കിയാണ് ആദ്യ പരാതിക്കാരെ സി.ഐ: മുഹമ്മദ് എം. ഹനീഫ സ്വീകരിച്ചത്.
തുടർന്നെത്തിയ നിരവധി പരാതിക്കാരും ഹെൽമെറ്റ് വയ്ക്കാതെയും മറ്റും ഫൈൻ അടയ്ക്കാൻ എത്തിയവരുമൊക്കെ വായനാ സൗഹൃദത്തിൽ പങ്കാളികളായതോടെ അന്തിക്കാട് പൊലീസ് സ്റ്റേഷൻ അക്ഷരാർത്ഥത്തിലൊരു വായനക്കളരിയായി. 2012ൽ അന്നത്തെ അന്തിക്കാട് എസ്.ഐയും നിലവിലെ ഗുരുവായൂർ ടെമ്പിൾ സി.ഐയുമായ സി.എസ്. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലാണ് ജനമൈത്രി വായനശാല സ്ഥാപിക്കപ്പെട്ടത്.
രണ്ടായിരത്തോളം പുസ്തകങ്ങളുമായി അണിഞ്ഞൊരുങ്ങിയ ജനമൈത്രി വായനശാല ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടാണ് ഉദ്ഘാടനം ചെയ്തത്. അനവധി ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി അന്തിക്കാടിന്റെ വായനയെ വഴി നടത്തുന്നതിലും ഈ പൊലിസ് റ്റേഷൻ മാതൃകയായി മാറിയിരുന്നു. എസ്.ഐ: സംഗീത് പുനത്തിൽ, സിവിൽ പൊലിസ് ഓഫീസർമാരായ സി.എൽ. സഞ്ജയൻ, സോണി പി.എക്‌സ്, ഷറഫുദ്ദീൻ ആർ.വി, റഷീദ് കെ.എസ് എന്നിവർ നേതൃത്വം നൽകി.
സ്റ്റുഡൻസ് പൊലിസിനെ ഉപയോഗപ്പെടുത്തി വായനശാല നവീകരിക്കാനും ജനപ്രതിനിധികളെ ഉൾപ്പെടുത്തി കൂടുതൽ ജനകീയമാക്കാനും ശ്രമിക്കുമെന്ന് സി.ഐ: മുഹമ്മദ് ഹനീഫ പറഞ്ഞു.