ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാരായ അയ്യപ്പൻ, ഗണപതി, ഭഗവതി എന്നിവർക്ക് ദ്രവ്യകലശച്ചടങ്ങുകൾ ഇന്ന് തുടങ്ങും. ആറ് ദിവസം നീണ്ട് നിൽക്കുന്ന കലശച്ചടങ്ങുകൾ 26 ന് സമാപിക്കും. അയ്യപ്പന്റെ കലശച്ചടങ്ങുകൾ ഇന്ന് സന്ധ്യയ്ക്ക് ആചാര്യവരണത്തോടെ ആരംഭിക്കും. ഈ സമയം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം വടക്കേ നടയിലൂടെയാകും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ശീവേലിക്കുശേഷം ഒമ്പതര വരെയും വടക്കേ നടയിലൂടെയാണ് നാലമ്പലത്തിലേക്ക് പ്രവേശനം. ശനിയാഴ്ച രാവിലെ അയ്യപ്പന് ബ്രഹ്മകലശം ആടിയശേഷം 107 പരികലശങ്ങൾ അഭിഷേകം ചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതരവരെ ഗണപതിക്ക് കലശമാടുമ്പോൾ നാലമ്പലത്തിലേക്ക് പ്രവേശനമില്ല. 26, 27 തീയതികളിൽ ഗുരുവായൂരപ്പന് ബിംബശുദ്ധി നടക്കും.