പുതുക്കാട്: പാതിരാത്രിയിൽ എപ്പോഴോ ഓടുന്ന ട്രെയിനിൽ നിന്നും താഴെ വീണ യാത്രക്കാരനെ രാവിലെയാണ് ട്രാക്കിനരികെ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹമാണെന്ന് കരുതിയാണ് നാട്ടുകാർ പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ മൃതദേഹമല്ലെന്നും യുവാവ് സംസാരിക്കുന്നുണ്ടെന്നും മനസിലായി. ഇന്നലെ പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഈ യുവാവ് കടന്നുപോയത് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു.
കോഴിക്കോട് ബേപ്പൂർ പറമ്പറാടി വീട്ടിൽ പവിത്രന്റെ മകൻ സിനേഷാണ് (36) അപകടത്തിൽപ്പെട്ടത്. കൊല്ലത്തുള്ള സുഹൃത്തിനെ സന്ദർശിച്ച ശേഷം ബേപ്പൂർക്ക് തിരിച്ചതായിരുന്നു. കുറുമാലി പുഴപാലം കടന്ന ശേഷമാണ് ട്രാക്കിനരികിലെ പൊന്തകാട്ടിൽ വീണത്. പുതുക്കാട് സ്റ്റേഷനോട് അടുക്കാറായതിനാൽ ട്രെയിനിന്റെ വേഗത കുറവായതാകാം മാരക പരിക്കേൽകാതെ സിനേഷിന് രക്ഷയായത്. വീണതൊന്നും യുവാവിന് ഓർമ്മയില്ല. എപ്പോഴോ ഓർമ്മ വന്നപ്പോൾ ശരീരം മുഴുവൻ അസഹ്യമായ വേദന. അല്പം കഴിഞ്ഞപ്പോൾ കൂകി പാഞ്ഞു വരുന്ന തീവണ്ടി ദേഹത്തിലൂടെ കയറുമെന്ന് കരുതി കണടച്ചു. ശബ്ദം കേൾക്കാതായതോടെ കണ്ണ് തുറന്നപ്പോഴാണ് താൻ ട്രാക്കിന് പുറത്താണെന്ന് മനസിലായത്. ഭയം കൊണ്ട് കരയാൻ ശ്രമിച്ചെങ്കിലം ശബ്ദം പുറന്നു വരുന്നുണ്ടായില്ല. നേരം വെളുത്തശേഷമാണ് നാട്ടുകാർ കണ്ടെത്തിയത്. പുതുക്കാട് താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി മെഡിക്കൽ കോളേജിൽ എത്തിച്ചു. സിനേഷ് അപകടനില തരണം ചെയ്തു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.