പുതുക്കാട്: പാഴായി പാലക്കടവ് റോഡിന്റെ മെക്കാഡം ടാറിംഗ് ഉൾപ്പെടെയുള്ള നവീകരണത്തിനായി നീക്കം ചെയ്ത കളിമണ്ണ് ടിപ്പർ ലോറികളിൽ കൊണ്ടുപോകാനുള്ള കരാറുകാരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ലേലം നടത്തിയതിൽ ക്രമക്കേടുണ്ടെന്നും ലക്ഷങ്ങൾ വിലമതിക്കുന്ന കളിമണ്ണ് അടങ്ങിയ മണ്ണ് നിസാരവിലയ്ക്ക് കരാറുകാർക്ക് ലഭിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.
കളിമണ്ണ് കയറ്റിയ പത്തോളം ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞിട്ടു. പാലക്കടവ് പാലം മുതൽ റേഷൻകട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർശ്വഭിത്തി കെട്ടുന്നതിന് അസ്ഥിവാരം കോരിയ മണ്ണ് മാനദണ്ഡം പാലിക്കാതെയാണ് ലേലം ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു. നോട്ടീസ് പതിക്കാതെയാണ് ലേലം നടത്തിയത്.
ലേലത്തിൽ ക്രമകേടുണ്ടെന്ന് കാണിച്ച് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ ഇത് പരിഗണിച്ചില്ല. മണ്ണ് മാറ്റുന്നതിനായുള്ള ജിയോളജി പാസ് ഇല്ലാതെയാണ് കരാറുകാർ മണ്ണ് മാറ്റാനെത്തിയത്. പ്രതിഷേധത്തെതുടർന്ന് മണ്ണ് നീക്കം ചെയ്യുന്നത് പൊലീസ് തടഞ്ഞു.