തൃശൂർ: ലക്ഷങ്ങളും കോടികളും ബിൽ തുക വരുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് മത്സരാടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിക്കാതെ ഒരു കമ്പനിക്ക് മാത്രം കരാർ ഉറപ്പിച്ച് പ്രവൃത്തികൾ തുടരുന്ന നിയമ ലംഘനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു കുറ്റപ്പെടുത്തി. ഇടുക്കിയിലെ പാഞ്ചാലിമേട്ടിൽ കുരിശുകൾ സ്ഥാപിച്ച് പൊതുഭൂമി കൈയേറുന്നത് സാമാജികർക്ക് വിഷയമല്ല. പൊതു വിഷയങ്ങളിലെല്ലാം കോടതി കയറേണ്ട സ്ഥിതിയായി. അഴിമതിക്കാരെ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷവും വലതുപക്ഷവും ഒറ്റക്കെട്ടാണ്. പാലാരിവട്ടത്തെ മേൽപ്പാലത്തിന്റെ നിർമ്മിതിയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ രാഷ്ട്രീയമായി മുതലെടുക്കാൻ ആരും നോക്കേണ്ടെന്ന ജി.സുധാകരന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദാഹം പറഞ്ഞു.