ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 341 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്ക് കൈമാറി. സ്വർണ്ണം ശുദ്ധീകരിച്ച ശേഷമാണ് എസ്.ബി.ഐ മൂല്യം നിർണയിക്കുക. എസ്.ബി.ഐയുടെ ഇൻഷ്വറൻസ് പരിരക്ഷയിൽ സ്വർണം മുംബയ് ഗവ. മിന്റിലേക്കാണ് ശുദ്ധീകരിക്കുന്നതിനായി കൊണ്ടു പോകുന്നത്. ശുദ്ധീകരിച്ച സ്വർണം എസ്.ബി.ഐയിൽ ഡിപ്പോസിറ്റാക്കി മാറ്റും. സ്വർണ്ണ വില കണക്കാക്കി രണ്ടര ശതമാനം പലിശ ദേവസ്വത്തിന് ലഭ്യമാക്കാം എന്ന ധാരണയിയാണ് കൈമാറ്റം. രണ്ടര കോടിയോളം രൂപയാണ് ദേവസ്വത്തിന് ഈ ഇനത്തിൽ ലഭ്യമാകുക. സ്വർണ്ണം കൈമാറുന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ഭരണസമിതി അംഗങ്ങളായ പി. ഗോപിനാഥൻ, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എസ്.ബി.ഐ മാനേജർ വിഷ്ണു, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.