cycle-

തൃശൂർ: സൈക്കിൾ ചവിട്ടുമ്പോൾ വെള്ളം ഫൗണ്ടൻ പോലെ ഉയരുന്നു, ടാങ്കിലെ കുട്ടയിലുള്ള പ്ളാസ്റ്റിക് പന്തുകൾ പൊങ്ങുന്നു, വെള്ളത്തിന്റെ ശക്തിയിൽ പന്ത് വായുവിൽ നിശ്ചലമായി നിൽക്കുന്നു.... "ഹായ്...'' 'അമ്മ'യിലെ മക്കൾ ആഹ്ളാദം കൊണ്ട് കൈയടിച്ചു. വേലൂരിൽ ഗ്രാമകം നാടകോത്സവത്തിൽ നാടകം കളിക്കാനെത്തിയപ്പോഴാണ് വേദിയ്ക്ക് സമീപം 'അമ്മ' യിലെ മക്കൾ സൈക്കിൾ പ്രാഞ്ചിയുടെ 'സൈക്കിൾ ജലധാര' കാണുന്നത്. 'സൈക്കിൾ ജലധാര' ചവിട്ടിയാൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ ബുദ്ധി വളർച്ചയ്ക്ക് ഇന്ധനമാകുമോ എന്ന് ആരും ചോദിച്ചില്ല.

കാരണം, അത്രമാത്രമുണ്ട് 'അമ്മ' യിലെ (അസോസിയേഷൻ ഒഫ് മെന്റലി ഹാൻഡികേപ്ഡ് അഡൾട്ട്സ്) മക്കളുടെ മുഖത്ത് തെളിയുന്ന ആഹ്ളാദവും സ്ഥാപകയും സെക്രട്ടറിയുമായ ഡോ.പി. ഭാനുമതിയുടെ ആത്മവിശ്വാസവും. 'അമ്മ'യിലെ മക്കൾക്ക് നാടകവും ചികിത്സയ്ക്കുമുള്ള ഉപാധിയാണ്. അങ്ങനെയാണ് 'ചക്കരപ്പാവ' നാടകം അവതരിപ്പിക്കാൻ സംവിധായകൻ കെ.വി. ഗണേഷുമായി അവർ നാടകോത്സവത്തിലെത്തിയത്. വേദിക്കരികിൽ സൈക്കിൾ കണ്ടപ്പാേൾ എല്ലാവരും ഓടിക്കയറി ചവിട്ടി. ആ നിമിഷം, സൈക്കിളിന്റെ നിർമ്മാതാവ് സി.ഡി. ഫ്രാൻസിസിനും കണ്ണുനിറഞ്ഞു. ആക്രിക്കടയിൽ നിന്ന് പഴയ സൈക്കിൾ വാങ്ങി പഴയ മോട്ടോർ ഘടിപ്പിച്ച് ഉടനെ മറ്റൊന്ന് ഉണ്ടാക്കി, 'അമ്മ' യിലെത്തിച്ചു. ജില്ലാ കളക്ടർ അനുപമയാണ് കാര്യാട്ടുകരയിലെ 'അമ്മ' യിൽ സൈക്കിളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

സിംപിൾ, പവർഫുൾ

സൈക്കിളിന്റെ പെഡൽ ചവിട്ടി ചക്രം കറങ്ങുമ്പോൾ അതിനോട് ചേർന്നുള്ള മോട്ടോറിലെ ഷാഫ്റ്റ് ഇരുപത് മടങ്ങിൽ തിരിയും. ആ ശക്തിയിൽ ടാങ്കിൽ നിന്ന് പി.വി.സി. പൈപ്പിലൂടെ വെള്ളം പമ്പ് ചെയ്യുന്നു. വെള്ളം ഫൗണ്ടൻ പോലെ പൊങ്ങുമ്പോൾ മൂന്ന് കുട്ടകളിലെ പന്തുകളും വായുവിൽ പാെങ്ങും. പാഴ് വസ്തുക്കളുടെ പുനരുപയോഗവും ഊർജ സംരക്ഷണ സന്ദേശവും പകരുന്നതാണ് സംവിധാനമെന്ന് സൈക്കിൾ പ്രാഞ്ചിയെന്ന് അറിയപ്പെടുന്ന സി.ഡി. ഫ്രാൻസിസ് പറയുന്നു. സേവ് എനർജി എന്ന ബോർഡ് വെച്ച് സൈക്കിൾ ചവിട്ടി വിവിധ സംസ്ഥാനങ്ങളിൽ ഊർജ്ജ സംരക്ഷണത്തിനായി ബോധവത്കരണം നടത്തിയതോടെയാണ് 42 കാരനായ ഫ്രാൻസിസ് സൈക്കിൾ പ്രാഞ്ചിയായത്.

വടക്കാഞ്ചേരി വേലൂർ സ്വദേശിയായ ഫ്രാൻസിസ്, കെ.എസ്.ഇ.ബിയിൽ ലൈൻമാനാണ്. 2013-2014 ലെ സംസ്ഥാന സർക്കാരിന്റെ ഊർജ സംരക്ഷണത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. വ്യായാമത്തോടൊപ്പം ജലസേചനവും ഊർജസംരക്ഷണവും ലക്ഷ്യമിട്ട് വീട്ടുകിണറ്റിലെ വെള്ളം ജലസംഭരണിയിൽ നിറയ്ക്കാൻ ദിവസവും ഒരു മണിക്കൂർ സൈക്കിൾ ചവിട്ടാറുണ്ട് ഫ്രാൻസിസ്. പുതിയ സൈക്കിളും മോട്ടോറും ഉപയോഗിച്ചാലും ടാങ്ക് നിർമ്മാണം അടക്കം 15,000 രൂപയിലേറെ ചെലവ് വരില്ല ഈ സംവിധാനത്തിനെന്ന് അദ്ദേഹം പറയുന്നു.

''ബുദ്ധിപരമായ വെല്ലുവിളി ഉള്ളവർക്ക് വ്യായാമത്തിനും ഏകാഗ്രതയ്ക്കും മാനസികോല്ലാസത്തിനും ഇതുപോലുള്ള ഉപകരണം വളരെ സഹായകമാകും. പരിമിതമായ ബുദ്ധിയെ ശക്തിപ്പെടുത്താനുമാകും.'' ഡോ. കെ.എസ്. ഷാജി, സൈക്ക്യാട്രി ഹെഡ്, ഗവ.മെഡിക്കൽ കോളേജ്,

തൃശൂർ മാതൃക

'' 'ജലധാര സൈക്കിൾ' സ്ഥാപിക്കുന്നതിലൂടെ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് വലിയ മാതൃകയായി നിലകൊള്ളുകയാണ് 'അമ്മ'. മറ്റ് കേന്ദ്രങ്ങൾക്കും ഇത് മാതൃകയാണ്.''

ടി.വി. അനുപമ (ജില്ലാകളക്ടർ, തൃശൂർ )

ആദ്യസംരംഭം ''

ഓട്ടിസം ബാധിതർക്കും ഏകാഗ്രത കൂട്ടാൻ ഈ ഉപകരണം സഹായിക്കും. ഈ മേഖലയിലെ ആദ്യസംരംഭമാണിത്.'' -ഡോ.പി.ഭാനുമതി..