തൃശൂർ: മുണ്ടൂർ- മെഡിക്കൽ കോളേജ് റൂട്ടിൽ അവണൂർ ആൽത്തറ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിന് സമീപം ഭീമൻ ആൽമര കൊമ്പ് വീണു. ഇന്നലെ രാവിലെ 11.15 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മുണ്ടൂർ- മെഡിക്കൽകോളേജ് റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. റോഡിന് കുറുകെ പൊട്ടിവീണ കൊമ്പ് വൈദ്യുതി ലൈനിന് മുകളിലൂടെ ഞാറെക്കാട്ടിൽ രാമദാസിന്റെ കോൺക്രീറ്റ് വീടിന് മുകളിലേക്കാണ് പതിച്ചത്. വീടിന്റെ സൺഷേഡും, മുകളിലെ ഷീറ്റുകളും, മതിലും ഭാഗികമായി തകർന്നു. വൈദ്യുതി തടസപ്പെട്ടു. ആർക്കും പരിക്കില്ല. വൻ അപകടമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആൽത്തറയ്ക്ക് സമീപം ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്. തൃശൂരിൽ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി കൊമ്പ് മുറിച്ച് മാറ്റി 12.15 ഓടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.