kda-hospital-adachupootta
അടച്ചുപൂട്ടല്‍ നടപടിക്കായി ആശുപത്രിയിലെത്തിയ പഞ്ചായത്ത് അധികൃതര്‍

കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ കോടാലി ഓവുങ്ങൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നീം കെയർ ആശുപത്രി അടുച്ചുപൂട്ടാൻ നടപടി. കോടതി ഉത്തരവിനെതുടർന്ന് താത്കാലികമായി നിറുത്തിവച്ച നടപടിയുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നിരവധി പരാതികൾ ഉയർന്നത് കൊണ്ടും മതിയായ അനുമതി ഇല്ലാത്തതിനാലും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയില്ല.

സ്ഥാപനത്തിലെ എക്‌സ്‌റേ യൂണിറ്റ്, ഫാർമസി, പാത്തോളജി ലാബ് എന്നിവക്കും അനുമതിയില്ല. പഞ്ചായത്ത് നടത്തിയ അന്വേഷണത്തെ തുടർന്ന് ഹോസ്പിറ്റൽ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ നോട്ടീസിന് മറുപടി നൽകാത്തതിനാൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്നും തൃപ്തികരമല്ലാത്ത മറുപടിയെതുടർന്ന് സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് അധികൃതർ സ്ഥാപനത്തിൽ നേരിട്ടെത്തി സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രിബ്യൂണലിൽ നിന്ന് ഇടക്കാല സ്റ്റേ ഉള്ളതിനാൽ നടപടി പൂർത്തിയാക്കാനായില്ലെന്നും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.