ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ തൊട്ടാപ്പിൽ 15-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സുനാമി കോളനിയിലെ വീടുകളിൽ പലതും ഇപ്പോഴും വാടകയ്ക്ക് കൊടുക്കൽ തുടരുന്നു. വർഷങ്ങളായി ഇത് തുടരുമ്പോഴും നടപടിയെടുക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന പരാതിയുമുണ്ട്.
സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചത് ചാവക്കാടാണ്. 224 വീടുകളാണ് ആകെയുള്ളത്. ഇവയിൽ പലതും അർഹരല്ലാത്തവരാണ് താമസിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് 2015ൽ അന്നത്തെ തഹസിൽദാർ മുഹമ്മദ് റഫീക്കിന്റെ ഇടപെടലിനെ തുടർന്ന് വാടകയ്ക്ക് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
സർക്കാർ വീട് നൽകിയവർ തന്നെയാണോ ഇവിടെ താമസിക്കുന്നതെന്ന് ഉറപ്പു വരുത്താൻ മുഴുവൻ വീടുകളിലും അന്ന് തഹസിൽദാർ നേരിട്ടെത്തി പരിശോധിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്നത്തെ ജില്ലാ കളക്ടർക്ക് നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇടനിലക്കാരായി 10,000 രൂപ മുൻകൂറും മാസത്തിൽ 2500 രൂപ വീതം നൽകിയുമാണ് പലരും വീടുകൾ വാടകയ്ക്ക് നൽകുന്നത്.
ജില്ലക്ക് പുറത്തു നിന്നുള്ളവരും ഇവിടെ താമസിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം നിരവധി വീടുകളും അടഞ്ഞു കിടക്കുന്നുമുണ്ട്.
അധികൃതരുടെ അറിവോടെ
സുനാമി കോളനികളിലെ വീടുകൾ കാലങ്ങളായി വാടകയ്ക്ക് നൽകുന്നുണ്ട്. വില്ലേജ് ഓഫീസറുടെ അറിവോടെയാണ് ഇത് നടക്കുന്നത്. പല സംഭവങ്ങളും നടക്കുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാറില്ല.
- ഷൈല മുഹമ്മദ്, 15-ാം വാർഡ് മെമ്പർ