കയ്പ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഒരേ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി വ്യത്യസ്ത നിലപാടുകളെടുക്കുന്നു എന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ട് ബി.ജെ.പി രംഗത്ത്. ചെന്ത്രാപ്പിന്നി സെന്ററിന് തെക്കുവശത്തെ പഴയ കനറാ ബാങ്കിന് സമീത്തെ പൊതുതോടിന്റെ മുകളിൽ സ്ലാബിട്ട് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യ വ്യക്തി നടത്തിയതിനെതിരെ ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു കളയാൻ ഒന്നര വർഷം മുമ്പ് നിർദ്ദേശം കൊടുത്തിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

എന്നാൽ പൈനൂരിൽ സ്വകാര്യ വ്യക്തി രണ്ട് സെന്റ് സ്ഥലത്ത് രണ്ട് വർഷം മുമ്പ് മുല്ലത്തറ പണിത് ആരാധിച്ചു വരുന്ന സ്ഥലം നഞ്ചഭൂമിയാണെന്ന് പറഞ്ഞ് മുല്ലത്തറ പൊളിക്കാൻ സെക്രട്ടറി നിർദ്ദേശം കൊടുത്തിരിക്കുകയാണ്. അതേസമയം രണ്ടാം വാർഡ് ഉൾപ്പെടുന്ന കനാൽ വടക്കുഭാഗത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ അടുത്ത ബന്ധുവിന്റെ ഏക്കർ കണക്കിന് പാടങ്ങൾ നികത്തിയതിനെതിരെ പരാതി കൊടുത്തിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെ പഞ്ചായത്ത് വിജിലൻസിനും ഓംബുഡ്‌സ്മാനും പരാതി കൊടുക്കാനും നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണെന്ന് ബി.ജെ.പി കയ്പ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതിബാസ്‌ തേവർ കാട്ടിൽ പത്രകുറിപ്പിലൂടെ അറിയിച്ചു. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി പി.വൈ. ഷാജിത പറഞ്ഞു...