മാള: പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ, കോൾക്കുന്നിൽ ആയുർവേദ മരുന്ന് നിർമ്മിക്കുന്ന കേന്ദ്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് വീണ്ടും കത്ത് നൽകി. മാള പഞ്ചായത്തിനും മാള പൊലീസിനുമാണ് കത്ത് നൽകിയത്. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷവും കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതേസമയം കേന്ദ്രം നടത്തിപ്പുകാരനായ സുരേഷിനെ ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും മൊഴിയെടുക്കൽ നടന്നതായും മാള സി.ഐ. പി.എം. ബൈജു പറഞ്ഞു. ചികിത്സാ കേന്ദ്രത്തിൽ കന്നുകാലികളെ വേണ്ടത്ര ഭക്ഷണവും വൃത്തിയും ഇല്ലാതെ വളർത്തുന്നത് സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിനും ആരോഗ്യവകുപ്പ് കത്ത് നൽകിയേക്കും. എന്നാൽ ഈ ചികിത്സാ കേന്ദ്രത്തെ കുറിച്ച് പരാതികൾ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. ചികിത്സ തേടിയെത്തിയിട്ടുള്ളവരെ പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മരുന്ന് നിർമ്മിച്ച് ചികിത്സ നടത്തുന്നത്. കുഴിക്കാട്ടുശേരി വീട്ടിൽ സുരേഷാണ് ചികിത്സാ കേന്ദ്രവും മരുന്ന് നിർമ്മാണവും നടത്തുന്നത്. റൂറൽ നാച്യുറോപ്പതി ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റ് മാത്രമാണ് സുരേഷിന്റെ കൈവശമുള്ളത്. പേര് രേഖപ്പെടുത്താതെയാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിവിധ ഗുളികകൾ പേര് രേഖപ്പെടുത്താതെ സൂക്ഷിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പിൻഭാഗത്ത് അമ്പതോളം നാടൻ ഇനം കന്നുകാലികളെ വളർത്തുന്നുണ്ട്. കഴിഞ്ഞ 11 വർഷമായി കോൾക്കുന്നിൽ പ്രവർത്തിക്കുന്നത്. അർബുദം, വൃക്ക രോഗം എന്നിവയ്ക്ക് കാശ്മീരി ആഗമന തന്ത്രത്തിലുള്ള ചികിത്സ 11 വർഷമായി നടത്തുന്നതെന്നാണ് സുരേഷ് പറയുന്നത്.