ചാവക്കാട്: കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശി ജപ്പാൻ പനി ബാധിച്ചു മരിക്കാനിടയായ പശ്ചാത്തലത്തിൽ ആശങ്ക വേണ്ടെന്നും മുൻകരുതൽ സ്വീകരിച്ചുണ്ടെന്നും അധികൃതർ. വടക്കെക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രവും വടക്കേക്കാട് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലാണ് വിശദീകരണം. യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. രേഖ അദ്ധ്യക്ഷനായി.
ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരണം, ഉറവിട മാലിന്യ സംസ്‌കരണം, കൊതുകു നശീകരണം, വെള്ളക്കെട്ട് ഒഴിവാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പൊതു ആരോഗ്യ വിഭാഗവും പഞ്ചായത്തും സംയുക്തമായി വാർഡുകൾ തോറും ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഹെൽത്ത് സൂപ്പർവൈസർ രാജു, ഇൻസ്‌പെക്ടർ ബഷീർ എന്നിവർ നേതൃത്വം നൽകും.
കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്‌നാട് സ്വദേശി നടരാജൻ പോണ്ടിച്ചേരി ജിപ്മർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വടക്കെക്കാട് മേഖലയിൽ കെട്ടിട നിർമ്മാണ തൊഴിലുമായി പ്രവർത്തിച്ചിരുന്ന നടരാജന് കഴിഞ്ഞ അഞ്ചിനാണ് പനി ബാധിച്ചത്. കടുത്ത പനി മൂലം അവശനായതിനെ തുടർന്ന് എട്ടിന് വടക്കെക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും പിന്നീട് കുടുംബവുമൊത്ത് പോണ്ടിച്ചേരിയിലേക്ക്
പോകുകയുമായിരുന്നു.
ആദ്യം നിപ വൈറസാണെന്ന നിഗമനത്തിൽ പ്രദേശത്ത് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജപ്പാൻ ജ്വരമാണെന്ന സ്ഥിരീകരണമുണ്ടായത്. ഇതേത്തുടർന്നാണ് നടരാജൻ താമസിച്ച വീടിന്റെ അരക്കിലോ മീറ്റർ ചുറ്റളവിൽ ആരോഗ്യ പ്രവർത്തകർ കൊതുകു നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയത്.