കൊടുങ്ങല്ലൂർ: വനിതാ കൗൺസിലർ എന്ന പരിഗണന പോലും നൽകാതെ പൊതുജന മദ്ധ്യത്തിൽ അവഹേളിച്ചെന്ന് ആരോപിച്ച് പുതുതായി ചുമതലയേറ്റ എസ്.ഐക്കെതിരെ വനിതാ കൗൺസിലറുടെ പരാതി. കൗൺസിലർ ജിജി ചന്ദ്രന്റേതാണ് അക്ഷേപം. സംഭവത്തിൽ നഗരസഭാ കൗൺസിൽ ഏകകണ്ഠമായി പ്രതിഷേധമുയർത്തി. നഗരസഭയിലെ വനിതാ കൗൺസിലർമാർ ഒന്നടങ്കം സ്റ്റേഷനിലെത്തി പ്രതിഷേധം അറിയിച്ചു. പൊലീസ് ജീപ്പിൽ കയറാൻ തയ്യാറാകാത്തതിന് എസ്.ഐ ചീത്ത പറയുകയും അവഹേളിക്കുകയും ചെയ്തതതായാണ് ആക്ഷേപം. വനിതാ കൗൺസിലറെ അധിക്ഷേപിച്ച സബ് ഇൻസ്പെക്ടർ അനിൽ ടി .മേപ്പുള്ളിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.
എസ്.ഐയുടെ പെരുമാറ്റത്തിൽ കൗൺസിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു. ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും എസ്.ഐക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും ചെയർമാൻ കെ ആർ ജൈത്രൻ ആവശ്യപ്പെട്ടു. എന്നാൽ ആക്ഷേപം വാസ്തവ വിരുദ്ധമാണെന്ന് പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മർദ്ദനമേറ്റ് അവശനിലയിലായതായി പറയുന്ന സ്ത്രീയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ലഭിച്ച ഫോൺ സന്ദേത്തെ തുടർന്നെത്തിയ പൊലീസ് സംഘം, ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും സഹകരണം ലഭിക്കാതെ പോയതിലുള്ള അസന്തുഷ്ടി പ്രകടിപ്പിച്ചതാകാം ആക്ഷേപത്തിനിടയാക്കിയതെന്നാണ് പൊലീസ് നിലപാട്. ഭർത്താവും മക്കളുമായി കഴിയവെ, വീട് വിട്ട് പോയി മറ്റൊരാൾക്കൊപ്പം താമസിച്ച യുവതി, ആദ്യഭർത്താവിന്റെ വീട്ടിലെത്തിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് കൗൺസിലറും പൊലീസും തമ്മിലുള്ള പ്രശ്നമായി വളർന്നത്...