കൊടുങ്ങല്ലൂർ: സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്ന് നഗരസഭയുടെ കീഴിലുള്ള ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷ്ണൻ കോട്ട കായലിൽ ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കായലിൽ ഒഴുക്കി. കാര വിഭാഗത്തിൽ പെടുന്ന ചെമ്മീൻ കുഞ്ഞുങ്ങളെയാണ് നഗരസഭയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കായലിലൊഴുക്കിയത്. ആനാപ്പുഴയിൽ കൃഷ്ണൻകോട്ട കായലിൽ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഗീതാദേവി ടീച്ചറുടെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരായ എം.എസ്. വിനയകുമാർ, ലക്ഷ്മി നാരായണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി, അസിസ്റ്റന്റ് ഡയറക്ടർ ഡോ.വി. പ്രശാന്തൻ, ഇൻസ്‌പെക്ടർ പി.പി. സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞവർഷം ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ആനാപ്പുഴയിൽ ഒഴുക്കി ചെമ്മീൻ ചാകര ലഭ്യമായിരുന്നു. അഴീക്കോട് ചെമ്മീൻ ഹാച്ചറിയിൽ ഉത്പാദിപ്പിക്കപ്പെട്ട പി.എൽ 18 വിഭാഗത്തിൽപ്പെട്ട ചെമ്മീൻ കുഞ്ഞുങ്ങളെയാണ് ഒഴുക്കിയത്. ഇവ മൂന്നോ നാലോ മാസംകൊണ്ട് പൂർണ വലുപ്പമാകും. പൂർണ വളർച്ചയെത്തിയാൽ കിലോയ്ക്ക് 400 രൂപവരെ വില ലഭിക്കും.
പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് സംഭരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് റാഞ്ചിംഗ്. ഓരോ പ്രദേശത്തെയും ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലിന്റെ കീഴിലാണ് കാര്യങ്ങൾ നിയന്ത്രിക്കുക. നിയമലംഘനം നടത്തി മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടുക, പ്രദേശത്തെ മത്സ്യസമ്പത്ത് കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് ചുമതല.
ആറിടത്ത് നിക്ഷേപിക്കും
റാഞ്ചിംഗ് പ്രകാരം ജില്ലയിൽ ആറിടത്ത് ഇത്തരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പദ്ധതിയുള്ളതായി ഫിഷറീസ് അസി. ഡയറക്ടർ ഡോ. പ്രശാന്തൻ പറഞ്ഞു. 19.2 ലക്ഷം രൂപയാണ് ചെലവ്. ചെമ്മീന് പുറമേ കട്‌ല, പൂമീൻ, കരിമീൻ, റോഹു, മൃഗാൾ തുടങ്ങിയ മത്സ്യങ്ങളെയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. പറപ്പൂർ, പാറക്കടവ്, ആലപ്പിള്ളിക്കടവ്, റാഫൽക്കടവ്, ചേറ്റുവപ്പുഴ (ഏങ്ങണ്ടിയൂർ), പീച്ചി ഡാം എന്നിവിടങ്ങളിൽ നിക്ഷേപിക്കും. പറപ്പൂർ, പാറക്കടവ്, ആലപ്പിള്ളിക്കടവ്, റാഫൽക്കടവ് എന്നിവിടങ്ങളിൽ കാർപ്പ് മാതൃകയിൽപെട്ട കട്‌ല, റോഹു, മൃഗാൾ തുടങ്ങിയ മീൻകുഞ്ഞുങ്ങളെയും ചേറ്റുവപ്പുഴയിൽ പൂമീൻ, പീച്ചി ഡാം റിസർവോയറിൽ ടോർപുട്ടിറ്റോർ വിഭാഗത്തിൽപ്പെട്ട മീനുകളെയും ഒഴുക്കും.