അംഗൻവാടി പ്രവർത്തിക്കുന്ന കെട്ടിടം
ചാലക്കുടി: നിലവിലെ കെട്ടിടം ജീർണ്ണാവസ്ഥയിലായിട്ടും നിർമ്മാണം പൂർത്തിയാക്കിയ സ്ഥലത്തേക്ക് അംഗൻവാടി മാറ്റാത്തതിൽ നാട്ടുകാർക്ക് അമർഷം. ചാലക്കുടി നഗരസഭയിലെ പോട്ട ആശ്രമം വാർഡിൽ പ്രവർത്തിക്കുന്ന അംഗൻവാടിയാണ് കുട്ടികൾക്ക് ഇരിക്കാൻപോലും കഴിയാത്ത അവസ്ഥയിലായത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഹോസ്റ്റലിന് എതിർഭാഗത്തെ പഴയൊരു വീട്ടിലാണ് ഇതു പ്രവർത്തിക്കുന്നത്. ശോചനീയാവസ്ഥ മാത്രമല്ല, എപ്പോഴും വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ഓരത്താണ് അംഗൻവാടി പ്രവർത്തിക്കുന്നത്. വി.ആർ. പുരത്ത് അംഗൻവാടിക്കായി പുതിയ കെട്ടിടം നിർമ്മിച്ചിട്ടും ഇതുവരേയും ഉദ്ഘാടനം ചെയ്യാതെ കിടക്കുകയാണ്. വൈദ്യുതി കണക്‌ഷൻ കിട്ടിയില്ലെന്ന കാരണമാണ് പറയുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ പെട്ടെന്ന് വൈദ്യുതി കണക്‌ഷൻ ലഭിക്കുമെന്നിരിക്കെ അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരമായി നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.