തൃപ്രയാർ: പൊതു കിണറിൽ നിന്ന് സ്കൂളിലേക്ക് ശുദ്ധജലം എടുക്കുന്നത് തടഞ്ഞ് നാട്ടിക ഗ്രാമപഞ്ചായത്ത്. വിഷയത്തിൽ പഞ്ചായത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നു. നാട്ടിക ഈസ്റ്റ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള കുടിവെള്ളമാണ് പഞ്ചായത്ത് മുട്ടിച്ചത്. സ്കൂളിന് എതിർവശത്ത് റോഡിന് സമീപമുള്ള പൊതുകിണറിൽ നിന്നാണ് സ്കൂൾ അധികൃതർ വെള്ളം എടുത്തിരുന്നത്.
തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് നിർമ്മിച്ച പൊതുകിണറാണിത്. റോഡ് പൊളിച്ച് സ്കൂളിലെ ജലസംഭരണിയിലേക്ക് പൈപ്പിട്ടാണ് വെള്ളം എടുത്തിരുന്നത്. ബ്ലോക്ക് പഞ്ചായത്തും പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പും അനുമതി നല്കിയിരുന്നു. അതേ സമയം നാട്ടിക പഞ്ചായത്തിനും അനുമതിക്കായി അപേക്ഷ നല്കിയിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറി ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് കിണറ്റിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം എടുക്കുന്നത് തടഞ്ഞു.
കൂടാതെ കിണറ്റിൽ സ്ഥാപിച്ച പൈപ്പും അനുബന്ധ സാമഗ്രികളും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയെടുക്കുമെന്നും സെക്രട്ടറി മുന്നറിയിപ്പ് നല്കി. സംഭവത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ ശക്തമായ എതിർപ്പാണ് നാട്ടുകാരിൽ നിന്നും ഉയർന്നിട്ടുള്ളത്. കൊച്ചു കുട്ടികളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയാണ് പഞ്ചായത്ത് എടുത്തിട്ടുള്ളത്. പതിറ്റാണ്ടുകളായി ഉപയോഗ ശൂന്യമായാണ് പൊതുകിണർ കിടന്നിരുന്നത്. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികളാണ് പണം ചെലവഴിച്ച് കിണർ നവീകരിച്ചതും.