തൃശൂർ: മാലിന്യം നിറഞ്ഞ വടക്കേച്ചിറയുടെ ശുദ്ധീകരണത്തിന് അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്ന പ്രാർത്ഥനയുമായി നടത്തിയ ജലശയന യോഗാഭ്യാസ പ്രകടനം പ്രതിഷേധ വേദി കൂടിയായി. പ്രശസ്ത യോഗാചാര്യനും ശക്തൻ നഗർ പച്ചക്കറി മാർക്കറ്റിലെ ചെറുകിട വ്യാപാരിയുമായ പി.എസ്. അനന്തനാരായണനാണ് (64) അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാഭ്യാസ പ്രകടനം അധികൃതരുടെ ശ്രദ്ധക്ഷണിക്കാനുള്ള അവസരം കൂടിയാക്കി മാറ്റിയത്.
പുണ്യതീർത്ഥമായ മാനസ സരോവർ ജലാശയത്തിൽ ഒമ്പത് സെക്കന്റ് നേരം ജലശയനത്തിന് ഭാഗ്യം ലഭിച്ച അനന്ത നാരായണൻ വടക്കുന്നാഥന്റെ ജഢയായ വടക്കെച്ചിറയെ മാനസ സരോവറായി സങ്കല്പിച്ച് ഇതിലെ മലിനജലം പാനം ചെയ്തായിരുന്നു ജലശയനം തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടായി ജലശയനയോഗ വിദ്യകളിലൂടെ പ്രശസ്തനായ അനന്തനാരായണൻ കഴിഞ്ഞ വർഷം എട്ട് മണിക്കൂർ പൂങ്കുന്നം ശ്രീരാമസ്വാമിക്ഷേത്ര കുളത്തിലായിരുന്നു ജലശയനയോഗ നടത്തിയത്.
വ്യാപാരികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളെ സാക്ഷിയാക്കി ചിറക്കടവിൽ പത്മാസനത്തിൽ തുടങ്ങിയ യോഗാപ്രകടനത്തിൽ മത്സ്യാസനം, വൃഷവാസനം, താണ്ഡവാസനം, താടാസനം, പർവ്വതാസനം, ജലശയനം എന്നിവ അവതരിപ്പിച്ചു. ചണ്ടി നിറഞ്ഞും പച്ചപായൽ മൂടിയും കിടക്കുന്ന തൃശൂരിന്റെ ശുദ്ധജലസമ്പത്ത് മാലിനമായതിലുള്ള മനോവിഷമം അനന്തനാരായണനൊപ്പം കാണികളും പ്രകടിപ്പിച്ചു.
നാല് വർഷം മുമ്പുണ്ടായ കനത്ത മഴയിൽ സമീപത്തുള്ള കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് തകർന്നതുൾപ്പെടെയുള്ള മാലിന്യമാണ് ചിറയെ നശിപ്പിച്ചത്. തൊട്ടടുത്ത കാനകളിലെ മലിനജലവും ഒഴുകിയെത്തിയിരുന്നത് വടക്കേചിറയിലായിരുന്നു. തകർന്ന മതിൽ പിന്നീട് കെട്ടിയെങ്കിലും ചിറയിലെ മാലിന്യങ്ങൾ നീക്കിയില്ല.
വടക്കേച്ചിറയുടെ നവീകരണത്തിന് മുൻ എം.എൽ.എ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ പത്തരലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കോർപറേഷൻ ഈ തുക പ്രയോജനപ്പെടുത്തിയില്ല. വടക്കെച്ചിറ നവീകരണം രണ്ടുവർഷമായി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രഖ്യാപനത്തിലുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.
അനന്തനാരായണന്റെ യോഗാഭ്യാസ പ്രകടനങ്ങളുടെ ഉദ്ഘാടനം ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.ബി. വിജയകുമാർ നിർവഹിച്ചു. സെക്രട്ടറി എം.ഡി. ഫ്രാൻസീസ് ബൊക്കെ നൽകി സ്വീകരിച്ചു. ശങ്കരനാരായണന്റെ ഗുരുവും തഞ്ചാവൂരിലെ യോഗാചാര്യനുമായ ശ്രീനിവാസ് ദീഷിനരെ ആദരിച്ചു. ഡോ. എം. ജയപ്രകാശ്, ടി.എസ്. സീതാറാം തുടങ്ങിയവരും പങ്കെടുത്തു.