തൃശൂർ: കാവാലം നാരായണപ്പണിക്കരുടെ മൂന്നാം ചിരസ്മരണ 'കാവാലം കാലം 2019' എന്ന പേരിൽ 26,27 തീയതികളിൽ റീജ്യണൽ തിയറ്ററിൽ സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ കാവലത്തിന്റെ സ്ഥാപനമായ സോപനം സംഘടിപ്പിക്കും. പ്രശസ്ത നടൻ നെടുമുടി വേണുവും സോപാനം ഡയറക്ടർ ശാരദ പണിക്കരും പരിപാടികൾക്ക് മേൽനോട്ടം വഹിക്കും.

ഹിന്ദി നാടക ചലച്ചിത്ര നിരൂപകൻ ഭോപാലിൽ നിന്നുള്ള ഡോ. ഉദയൻ വാജ്‌പേയി ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോൺ പോൾ മുഖ്യ പ്രഭാഷണം നടത്തും. ടി.എം. എബ്രഹാം കാവാലം നാടകങ്ങളുടെ വരുംകാല പ്രസക്തിയെക്കുറിച്ച് സംസാരിക്കും. രണ്ടു ദിവസങ്ങളിലും കാവാലം രചിച്ച് ചിട്ടപ്പെടുത്തിയ ബഹുഭാഷ നാടക-നാടോടി ചലച്ചിത്ര ഗാനങ്ങൾ ഉൾക്കൊള്ളിച്ച് പാട്ട് വട്ടം സംഘടിപ്പിക്കും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ഭാരതീയ നാടക ചരിത്രത്തിൽ അവതരണ മികവ് കൊണ്ട് ജനശ്രദ്ധ നേടിയ മഹാകവി ബോധായനന്റെ ഭഗവദജ്ജുകം എന്ന നാടകവും ഭാസമഹാകവിയുടെ കർണഭാരം എന്ന നാടകവും അരങ്ങേറും.
27ന് സോപാനം സ്മരണികയുടെ പ്രകാശനം സി. രാധാകൃഷ്ണൻ സോപാനം രക്ഷാധികാരി ചാലയിൽ വേലായുധപ്പണിക്കർക്ക് നൽകി നിർവഹിക്കും. താളത്തളം എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഭോപ്പാലിലെ സാംസ്‌കാരിക പ്രവർത്തക ഡോ. സംഗീത ഗുണ്ടെച്ച കർണഭാരം എന്ന സംസ്‌കൃത നാടകം പരിചയപ്പെടുത്തും. കാവാലത്തിന്റെ പേരക്കുട്ടികളായ നാരായണി കൃഷ്ണൻ, കല്യാണി കൃഷ്ണൻ, പ്രോഗ്രാം കൺവീനർ കിച്ചു ആര്യാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.