തൃശൂർ: തൃശൂരിൽ 20 വ്യാജവൈദ്യന്മാരെ പിടികൂടിയതിൽ പ്രതിഷേധിച്ച് പാരമ്പര്യ നാട്ടുവൈദ്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ വൈദ്യമഹാസഭ സൗജന്യ നാട്ടുചികിത്സാ ക്യാമ്പൊരുക്കുന്നു. പാരമ്പര്യ വൈദ്യത്തിന്റെയും മറ്റും മറവിൽ നടക്കുന്ന വ്യാജചികിത്സ തടയണമെന്ന സുപ്രിം കോടതി വിധി പ്രകാരമാണ് വ്യാജൻമാർ കുടുങ്ങിയത്. അതേ സമയം,​ സുപ്രീംകോടതിവിധിക്ക് എതിരായ ക്യാമ്പ് തടയണമെന്ന് ആവശ്യപ്പെട്ട് ആയുർവേദ ഡോക്ടർമാരുടെ സംഘടന രജിസ്റ്ററിംഗ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും ആരോഗ്യവകുപ്പ് ഡി.എം.ഒയ്ക്കും പരാതി നൽകി.

27ന് തൃശൂരിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സത്യഗ്രഹവും സൗജന്യ നാട്ടുവൈദ്യ ചികിത്സാ ക്യാമ്പും നടത്തുന്നത്. ഡോക്ടർമാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നാട്ടുവൈദ്യൻമാരെ 'വ്യാജവൈദ്യൻ' എന്ന പേരിൽ വ്യക്തിഹത്യ നടത്തി ജയിലിൽ അടച്ചുവെന്നാണ് ഇവരുടെ പരാതി. ആൾ ഇന്ത്യ ഹിജാമ അസോസിയേഷൻ, കപ്പിംഗ് തെറാപ്പി അസോസിയേഷൻ തുടങ്ങിയ സംഘടനകളും കൂട്ടായ്മയിലുണ്ട്. ശരീരത്തില്‍ നിന്ന് രക്തം ഉൗറ്റിയുള്ള 'കപ്പിംഗ് തെറാപ്പി' ചികിത്സ നടത്തിയ ആളെ കഴിഞ്ഞ മാസം ചേർപ്പിൽ നിന്ന് പൊലീസും ആരോഗ്യവകുപ്പും ചേർന്ന് പിടികൂടിയിരുന്നു. കപ്പിംഗ് തൊറാപ്പി എന്ന വ്യാജചികിത്സയ്ക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. മറ്റു വ്യാജവൈദ്യൻമാർക്കെതിരെയും ഉയർന്നപ്പോൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി നടത്തിയ മിന്നൽ പരിശോധനയിൽ ഹോമിയോ (ആറ് പേർ), ഒറ്റമൂലി (5), യൂനാനി (3), അലോപ്പതി (2), മന്ത്രവാദം (2), നാച്ചുറോപ്പതി, അക്യുപങ്‌ചർ (2) ചികിത്സകരാണ് കുടുങ്ങിയിരുന്നു.

.

കഴിഞ്ഞ വർഷം ഏപ്രിൽ 13നാണ് വ്യാജവൈദ്യൻമാർക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എ.എം.എ.ഐ) പരാതിയിൽ അംഗീകൃത യോഗ്യതയുള്ളവർ മാത്രം ചികിത്സിച്ചാൽ മതിയെന്നായിരുന്നു 2003ലെ ഹൈക്കോടതി വിധി. ഇതിനെതിരെ പാരമ്പര്യ വൈദ്യ ഫോറം സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതി വിധി നടപ്പിലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

നടപടി വേണം

''ബി.എ.എം.എസ് വ്യാജബിരുദമാണെന്നാണ് വൈദ്യമഹാസഭ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾക്കെതിരെയും നടപടി വേണം. ''

ഡോ.ഇ.ടി. രവിമൂസ് (ജില്ലാ പ്രസിഡൻ്റ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ)

ഡോ.കെ.ബി.സജു (സെക്രട്ടറി)