തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ അറ്റുകുറ്റപ്പണി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ അനുവദിച്ച കാലാവധി 27 ന് അവസാനിക്കും. ദേശീയപാത നിർമ്മാണത്തിനായി കെ.എം.സി കമ്പനി രൂപീകരിച്ച് തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനിയും ദേശീയപാത അതോറിറ്റിയും 2009 ഓഗസ്റ്റ് 24 നാണു കരാറുണ്ടാക്കിയത്.
കുതിരാൻ ഇരട്ടത്തുരങ്കം ഉൾപ്പെടെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരിപ്പാതയുടെ പണികൾ മുപ്പതു മാസം കൊണ്ട് പൂർത്തിയാക്കാമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. 2013ൽ പണി പൂർത്തിയാക്കേണ്ടതിന് പകരം അശാസ്ത്രീയ നിർമ്മാണം വ്യാപകമായതോടെ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് 2016 ൽ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു തവണ സുരക്ഷാ മാനദണ്ഡങ്ങൾ ബോധിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും കൃത്യമായ വിശദീകരണം നൽകാൻ കരാർ കമ്പനിക്കും നാഷണൽ ഹൈവേ അതോറിറ്റിക്കും സാധിച്ചില്ല. ഇതേത്തുടർന്ന് ഹൈക്കോടതി നിയമിച്ച കമ്മിഷൻ നടത്തിയ പരിശോധനയിൽ സുരക്ഷാവീഴ്ചകൾ കണ്ടെത്തി റിപ്പോർട്ട് നൽകി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ കോടതി ഉത്തരവിടുകയും ഇതു നടപ്പാക്കാൻ തൃശൂർ പൊലീസ് കമ്മിഷണറെയും മണ്ണുത്തി, പീച്ചി, വടക്കഞ്ചേരി സബ് ഇൻസ്‌പെക്ടർമാരെയും ഹൈക്കോടതി ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് കോടതി അലക്ഷ്യത്തിനുള്ള ഹർജി നിലവിലുണ്ട്.
നാല് ആഴ്ചയ്ക്കകം പണി പൂർത്തിയാക്കണമെന്ന് മേയ് 27 നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കുക, ഇടിഞ്ഞ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യുക, മണ്ണിടിയുന്നതിനു പരിഹാരം കാണുക, ദേശീയപാതയുടെ നിലവിലുള്ള റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകിയത്.
മുളയത്തും ഒരുവരി പാതയിലും മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. മുളയത്തെ രണ്ടാമത്തെ വരി റോഡിന്റെ നിർമാണം പൂർത്തിയാക്കാനോ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പീച്ചി റോഡിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ല. കുതിരാനിലെ മണൽ ചാക്കുകൾ മാറ്റി കല്ലുകൊണ്ട് കെട്ടിയിട്ടില്ല. റോഡിന്റെ വശങ്ങളിൽ ഷീറ്റ് അടിച്ച് ഉറപ്പിച്ചിട്ടുമില്ല.
സുപ്രിംകോടതി വരെ പോകും
നിശ്ചിത സമയത്തിനകം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സുപ്രിംകോടതി വരെ പോകാനും മടിക്കില്ല.
- ഷാജി കോടങ്കണ്ടത്ത് (ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി)
ദേശീയപാതയിൽ ആറു വർഷത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത് 58 പേർ
ദേശീയപാത നിർമ്മാണത്തിന് കരാറുണ്ടാക്കിയത് 2009 ഓഗസ്റ്റ് 24ന്