koodalmanikyam

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ഉത്സവത്തിന്റെ ഭാഗമായി കുട്ടംകുളം ജംഗ്ഷനിൽ നിർമ്മിച്ച അലങ്കാരപ്പന്തലിന് നഗരസഭയുടെ അനുമതി ഇല്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും റോഡിൽ കുഴികൾ കുത്തിയതടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങളുടെ ചാർജ്ജും പിഴയും ഈടാക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായി. നിർമ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ദേവസ്വത്തിന് നോട്ടീസ് നൽകിയിരുന്നു.

ദേവസ്വം നടപ്പിലാക്കുന്ന വികസനങ്ങളിൽ വെളറിപൂണ്ട് ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന അനാവശ്യ വിവാദങ്ങളാണ് ഇതെന്ന് ഇടത് കൗൺസിലർ ശിവകുമാർ വാദിച്ചു. വർഷങ്ങളായി ഉത്സവാചാരങ്ങളുടെ ഭാഗമായുള്ള ആചാരപ്പന്തലാണിത്. റോഡിൽ മുമ്പുണ്ടായിരുന്ന കുഴിയാണ് ഇത്തവണയും ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആചാരപ്പന്തൽ നാല് കാലുകളിൽ കുരുത്തോല ഇട്ട ചെറിയ പന്തൽ ആയിരുന്നുവെന്നും എന്നാൽ ഇത്തവണ നിർമ്മിച്ചത് ബഹുനില പന്തലാണെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും ബി.ജെ.പി കൗൺസിലർ സന്തോഷ് ബോബൻ പറഞ്ഞു. ഉത്സവത്തിന് മുൻപ് പന്തൽ നിർമ്മിക്കുന്നതിനടക്കം ദീപാലങ്കാരങ്ങൾക്കായി ദേവസ്വത്തിന് കൗൺസിൽ അനുമതി നൽകിയിരുന്നത് ഇടതുപക്ഷ കൗൺസിലർ രമണൻ ചൂണ്ടിക്കാട്ടി. എന്നാൽ ഠാണാവ് മുതൽ ദീപാലങ്കാരങ്ങൾക്ക് ദേവസ്വം അനുമതി കൈക്കലാക്കുകയും ഠാണാവ് മുതൽ ദീപാലങ്കാരം നടത്തിയില്ലെന്നും റോഡിൽ കുഴികൾ കുഴിക്കുന്നതിന് ദേവസ്വം അനുമതി തേടിയില്ലെന്നും കോൺഗ്രസ് കൗൺസിലർ കുര്യൻ ജോസഫ് പറഞ്ഞു.

ദേവസ്വവും നഗരസഭയും തമ്മിലുള്ള പ്രശ്‌നങ്ങൾ സമാധാനപരമായി പറഞ്ഞ് തീർക്കണമെന്നും പരസ്പരം ചെളിവാരി എറിയുന്നത് നിറുത്തണമെന്നും കൂടൽമാണിക്യം ക്ഷേത്രത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കിൽ ഭക്തരുടെ കൂട്ടായ്മ ഇടപെടുമെന്നും ബി.ജെ.പി കൗൺസിലർ രമേശ് വാര്യർ പറഞ്ഞു. രണ്ട് മണിക്കൂറുകളോളം നീണ്ട ചർച്ചയ്ക്ക് ശേഷം ഇടത് കൗൺസിലർമാരുടെ വിയോജിപ്പോടെ കൂടൽമാണിക്യം ഉത്സവപന്തലിന് പിഴ ഈടാക്കാനുള്ള അജണ്ട പാസാക്കുകയായിരുന്നു.

ദേവസ്വം വക കെട്ടിടങ്ങൾക്ക് നമ്പർ ഇട്ട് നൽകാത്ത വിഷയത്തിൽ കച്ചേരി വളപ്പിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ അനധികൃത നിർമ്മാണം റെഗുലറൈസ് ചെയ്ത് നൽകുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും,അത് ലഭിക്കുന്ന മുറയ്ക്ക് നൽകാമെന്നും കൊട്ടിലായ്ക്കൽ പറമ്പിലെ ടൂറിസം വകുപ്പ് നിർമ്മിച്ച് നൽകിയ കെട്ടിടത്തിനും ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയാൽ നമ്പർ നൽകുമെന്നും ചെയർപേഴ്‌സൺ നിമ്യ ഷിജു പറഞ്ഞു.