കൊടകര: മറ്റത്തൂർകുന്നിൽ കഴിഞ്ഞ ബുധനാഴ്ച്ച തെരുവുനായ സ്ത്രീയെ കടിച്ചതിനെ തുടർന്ന് തല്ലിക്കൊന്ന തെരുവുനായക്ക് പേ സ്ഥിരീകരിച്ചു. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് കടിയേറ്റതായും സൂചനയുണ്ട്. ഇവയെ വീട്ടിൽ പൂട്ടിയിട്ട് നിരീക്ഷിച്ചുവരികയാണ്. മറ്റത്തൂർകുന്ന് ചുള്ളിപറമ്പിൽ കണ്ണന്റെ ഭാര്യ സിന്ധുവിനാണ് കടിയേറ്റത്. മറ്റൊരാളെ നായ മാന്തിയിട്ടുണ്ട്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്ത് രാത്രിയിൽ തെരുവുനായശല്യം വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ പറഞ്ഞു.
നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടു. ഇന്നലെ നടത്തിയ ക്ലാസിൽ വെള്ളിക്കുളങ്ങര മൃഗാശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. എം.എം. എൽദോ ക്ലസെടുത്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ അദ്ധ്യക്ഷനായി. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എം.കെ. ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.കെ. മനോജ്, ടി.കെ. സലീഷ് എന്നിവർ സംസാരിച്ചു.