തൃശൂർ: വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ കൊടിയേറ്റം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട ടൗൺഹാളിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്യ ഷിജു നിർവഹിക്കും. ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം 27ന് രാവിലെ പത്തിന് നടക്കും. സംവിധായകൻ സത്യൻ അന്തിക്കാട്, ആലങ്കോട് ലീലാകൃഷ്ണൻ, എൻ.കെ. ഉദയപ്രകാശ് എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജൂലായ് മൂന്ന് വരെ നീളുന്ന ചന്തയിൽ സെമിനാറുകൾ, പുസ്തക ചർച്ച, ഞാറ്റുവേല മാദ്ധ്യമ സംഗമം, കുടുംബശ്രീ കലാമേള, നാട്ടറിവുമൂല തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. പത്രസമ്മേളനത്തിൽ ജോസ് ജെ. ചിറ്റിലപ്പിള്ളി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സോണിയാ ഗിരി, ബാലകൃഷ്ണൻ അഞ്ചത്ത്, എ.സി. സുരേഷ് എന്നിവർ പങ്കെടുത്തു.