കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ എം.എസ്. മോഹനനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ സി.എൻ. സതീഷ് കുമാർ എൽ.ഡി.എഫിലെ ധാരണപ്രകാരം തത്‌സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതുതായി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 21 അംഗ ഗ്രാമപഞ്ചായത്തിൽ 11 അംഗങ്ങളുടെ പിന്തുയോടെയാണ് എം.എസ്. മോഹനൻ വിജയിച്ചത്.

എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ജെ.പി.യിലെ പി.ബി. വിനയന് ഏഴ് വോട്ടുകൾ ലഭിച്ചു. മൂന്ന് അംഗങ്ങളുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ സി.കെ. ഗീത വരണാധികാരിയായിരുന്നു. കർഷക സംഘം ഏരിയാ നേതാക്കളിൽ ഒരാളായ എം.എസ്. മോഹനൻ എൽ.ഐ.സി രംഗത്തെ പ്രമുഖരിലൊരാൾ കൂടിയാണ്.